ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇപ്പോഴുള്ള പാറയ്ക്ക് ഒരു ഡാം നിര്‍മ്മിക്കാനുള്ള ബലം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുല്ലപ്പെരിയാറില്‍ 370.1 മീറ്റര്‍ നീളമുള്ള പ്രധാന ഡാമും 137 മീറ്റര്‍ നീളമുള്ള മിനി ഡാമും നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് കേരളം തയാറാക്കിയിരിക്കുന്നത്.
പാറക്കെട്ടുകള്‍ക്ക് രണ്ടു വശത്തുമായാണ് ഡാമുകള്‍ പണിയുന്നത്. പാറയുടെ ഉറപ്പ് പരിശോധിക്കാന്‍ പതിനഞ്ച് സ്ഥലങ്ങളില്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധര്‍ കുഴിച്ചു നോക്കിയിരുന്നു. 55 അടി താഴ്ചയില്‍ വരെ പരിശോധന നടത്തിയ ശേഷമാണ് ഡാം നിര്‍മ്മിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് കേരളത്തിലെ വിദഗ്ദ്ധ സമിതിക്ക് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയത്.
റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി കേരളത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: