കോട്ടയം: ക്ഷേത്രാചാരങ്ങളും വിശ്വാസവും പരിരക്ഷിച്ചുകൊണ്ടായിരിക്കണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കേണ്ടതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവും ക്ഷേത്രാചാരങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുപടിയുമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ബി നിലവറ തുറക്കേണ്ടതില്ലെന്ന കോടതി നിലപാട് ക്ഷേത്രാചാര മര്യാദകളുടെ അംഗീകാരമാണ്. ദേവപ്രശ്നവിധിയെ മറികടന്ന് ബി നിലവറ തുറക്കണമെന്ന വിദഗ്ധ സമിതിയുടെ ആവശ്യം കോടതി നിരസിച്ചിരിക്കുകയാണ്.
ക്ഷേത്രാചാരങ്ങള്‍ പാലിക്കണമെന്ന കോടതി നിര്‍ദ്ദേശം, ദേവപ്രശ്നംപോലുള്ള നടപടിക്രമങ്ങള്‍ ക്ഷേത്രങ്ങളില്‍ മാനിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കുന്നു. ക്ഷേത്രാചാരങ്ങളും ദേവപ്രശ്നവും അന്ധവിശ്വാസമാണെന്ന പിണറായി വിജയന്റെ നിലപാടിനും സാധുതയില്ല. ബി ഒഴിച്ച് മറ്റ് നിലവറകള്‍ തുറന്ന് വസ്തുവകകള്‍ അളന്ന് തിട്ടപ്പെടുത്തേണ്ടതും രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ചരിത്രപരമായ ആവശ്യമാണ്. നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ളവ എന്തെന്ന് വരും തലമുറക്ക് മനസിലാകുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പരിശോധനയും നിരീക്ഷണവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. പക്ഷേ മൂല്യം നിര്‍ണയിക്കാനെന്ന പേരില്‍ നിലവറയിലെ സാധനങ്ങള്‍ക്ക് വില ഇടുന്നതും കമ്പോളവല്‍ക്കരിക്കുന്നതും ആചാരവിരുദ്ധമാണ്. പുരാവസ്തുമൂല്യമുള്ളത്, നിത്യോപയോഗത്തിനുള്ളവ, ഉപയോഗമില്ലാത്തവ എന്നിങ്ങനെ മൂന്നായി തിരിച്ച് വസ്തുവകകളുടെ ഗുണനിലവാരം, തൂക്കം തുടങ്ങിയവ രേഖപ്പെടുത്തുവാന്‍ മാത്രമാണ് വിദഗ്ദ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അളന്ന് തിട്ടപ്പെടുത്തുവാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈവശം ഉണ്ടായിരിക്കെ, മൂന്ന് കോടി രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി വിദഗ്ധ സമിതി ആവശ്യപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: