നാഗ്പൂര്‍: സംശുദ്ധ രാഷ്ട്രീയവും സല്ഭരണവുമെന്ന സന്ദേശവുമായി ദേശവ്യാപക രഥയാത്രക്കൊരുങ്ങുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ജയപ്രകാശ് നാരായന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 11നാണ് യാത്ര ആരംഭിക്കുക.
നാഗ്പൂരിലെത്തിയ അദ്വാനി യാത്രയുടെ വിശദാംശങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ധരിപ്പിച്ചു. വടക്കുകിഴക്കന്‍ മേഖല ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലൂടെയും യാത്ര കടന്നുപോകുമെന്ന് അദ്വാനി വ്യക്തമാക്കി. സല്‍ഭരണത്തിന്റെയും സംശുദ്ധരാഷ്ട്രീയത്തിന്റെയും പ്രസക്തി എല്ലാ ജനങ്ങളിലും എത്തിക്കാനുള്ള ദൗത്യത്തിന് മോഹന്‍ഭാഗവത് അനുഗ്രഹാശിസ്സുകളും പിന്തുണയും അറിയിച്ചതായി കൂടിക്കാഴ്ചക്കുശേഷം അദ്വാനി വാര്‍ത്താലേഖകരോട് പറഞ്ഞു.
1974-ല്‍ സമ്പൂര്‍ണ്ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായന്റെ ജന്മവാര്ഷിക നാളിലാണ് യാത്ര തുടങ്ങുക. 1975-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ കലാശിച്ച സംഭവമായിരുന്നു ഇത്. യാത്രയുടെ വിശദാംശങ്ങള്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ന്യൂദല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്നും അദ്വാനി പറഞ്ഞു.
രാജ്യവ്യാപക രഥയാത്രക്ക് തന്നെ പ്രേരിപ്പിച്ച ഘടകവും അദ്വാനി വിശദീകരിച്ചു. 2008ലെ വോട്ടിന് കോഴ വിവാദവും സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കുവേണ്ടി 2010-ല്‍ പാര്‍ലമെന്റില്‍ ഉണ്ടായ ബഹളവുമാണ് അഴിമതിക്കും സംശുദ്ധ രാഷ്ട്രീയത്തിനും വേണ്ടിയുള്ള യാത്രക്ക് പ്രധാനമായും പ്രേരിപ്പിച്ചത്. ജയപ്രകാശ് നാരായന്റെ ജന്മസ്ഥലമായ ബീഹാറിലെ സരണ്‍ ജില്ലയിലുള്ള സീതാബ്ദിയാരയില് നിന്നായിരിക്കും യാത്ര തുടങ്ങുക.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട വിവാദമാണ് വോട്ടിന് കോഴ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംവിധാനത്തിന് മാത്രമല്ല ജനാധിപത്യത്തിനു തന്നെ ഈ സംഭവം കളങ്കമുണ്ടാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, ആദര്‍ശ് സൊസൈറ്റി കുംഭകോണങ്ങള്‍ക്ക് ഒത്താശ ചെയ്ത യുപിഎ സര്‍ക്കാരിനെ അദ്വാനി രൂക്ഷമായി വിമര്‍ശിച്ചു. ചില നേതാക്കള്‍ക്കെതിരെയുണ്ടായ നടപടി സര്‍ക്കാരിന്റെ താല്പര്യപ്രകാരമല്ല, മറിച്ച് ജുഡീഷ്യറിയുടെയും കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെയും ഇടപെടല്‍ മൂലമാണെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. പ്രധാനമന്ത്രി പദത്തേക്കാള്‍ വളരെയേറെ തനിക്ക് രാജ്യവും സഹപ്രവര്‍ത്തകരും തന്നിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. ഉദരശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിതിന്‍ ഗഡ്കരിയെ അദ്വാനി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: