ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്കയച്ചിരുന്നതായി തെളിഞ്ഞു. ധനകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.ജി.എസ്. റാവു കഴിഞ്ഞ മാര്‍ച്ച് 25 ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച റിപ്പോര്‍ട്ടിലാണ് ചിദംബരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. പ്രണബ് മുഖര്‍ജി സാക്ഷ്യപ്പെടുത്തിയ പതിനാല് പേജുള്ള ഈ റിപ്പോര്‍ട്ട് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ വിവേക് ഗാര്‍ഗാണ് പുറത്തുവിട്ടത്.
2ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ചിദംബരത്തിനും ധനകാര്യമന്ത്രാലയത്തിനുമുള്ള പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. 2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കുന്നതിനായി ചിദംബരവും അന്നത്തെ ടെലികോംമന്ത്രി എ. രാജയും തമ്മില്‍ രഹസ്യധാരണ നിലനിന്നിരുന്നു. 2008 ല്‍ ധനകാര്യമന്ത്രിയായിരുന്ന ചിദംബരം ഇടപാടിന് അനുമതി നല്കിയില്ലായിരുന്നുവെങ്കില് 2 ജി അഴിമതി നടക്കില്ലായിരുന്നുവെന്നതാണ് റിപ്പോര്‍ട്ടിലുള്ള ഞെട്ടിപ്പിക്കുന്ന പരാമര്‍ശങ്ങളിലൊന്ന്. സ്പെക്ട്രം കേസില്‍ രാജ അകത്തായതിന് ഒരു മാസത്തിനുശേഷം അയച്ച റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരമാണ് ഗാര്‍ഗ് കൈവശപ്പെടുത്തിയത്.
2001 ല്‍ പ്രാബല്യത്തിലിരുന്ന അതേ പ്രവേശന ചാര്‍ജ് ഈടാക്കിയാണ് 2008 ലും സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചിരുന്നതെന്നും 4.4 മെഗാഹെര്‍ട്ട്സിന് താഴേക്കുള്ള സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന രാജയുടെ നിലപാടിനെ ചിദംബരം പിന്താങ്ങിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2001 ലെ ചാര്‍ജ് 2008 ലും തുടര്‍ന്ന് ചോരുന്നതിലെ അസ്വാഭാവികത അന്നത്തെ ധനകാര്യ സെക്രട്ടറി ഡി. സുബ്ബറാവു ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിദംബരം നേതൃത്വം നല്കുന്ന ധനകാര്യ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ ടെലികോം വകുപ്പിന് രാജ അനുവദിച്ച ലൈസന്‍സുകള്‍ റദ്ദുചെയ്യാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് തുടരുന്നു. ടെലികോം കമ്പനികളെ വഴിവിട്ട് സഹായിച്ച രാജയുടെ നടപടികളെ നിസാരവല്‍ക്കരിച്ച ധനകാര്യ മന്ത്രാലയത്തിന്റെ നടപടിയാണ് 2 ജി അഴിമതിക്ക് വഴിവെച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതോടൊപ്പം 2008 ജനുവരി 15 ന് സ്പെക്ട്രം ഇടപാട് അടഞ്ഞ അധ്യായമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചിദംബരം പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ രേഖകളും പ്രണബ് പ്രധാനമന്ത്രിക്കയച്ച റിപ്പോര്‍ട്ടിലുണ്ട്. 2 ജി സ്പെക്ട്രം കേസില്‍ ചിദംബരത്തിനുള്ള പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്നും ഗ്രഹിക്കാമെന്നിരിക്കെ കേസ് പുതിയ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണെന്ന് വിവേക് ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണ കൂടാതെ ഇത്തരമൊരു വമ്പന്‍ അഴിമതി നടത്തുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന് 2 ജി ഇടപാടിലെ അഴിമതിയെക്കുറിച്ച് അറിയാമായിരുന്നിട്ടും അദ്ദേഹം ഇക്കാര്യത്തില്‍ കണ്ണടക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍നിന്നും വ്യക്തമാണെന്നും ഗാര്‍ഗ് വെളിപ്പെടുത്തി.
2 ജി സ്പെക്ട്രം കുംഭകോണത്തില്‍ ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടിക്കടുത്ത് നഷ്ടം രാജ്യത്തിനുണ്ടായതായാണ് കണക്ക്. ഇതേ കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡിഎംകെ എംപി കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറ എന്നീ പ്രമുഖര്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണുള്ളത്.
ഇതിനിടെ, ടു ജി അഴിമതിയില്‍ പങ്ക് വ്യക്തമായതോടെ പി. ചിദംബരം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വന്‍ അഴിമതിക്ക് വഴിവെച്ച ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: