ഗാംടോക്ക്: ഞായറാഴ്ചയുണ്ടായ കനത്ത ഭൂചലനത്തില്‍ സിക്കിമിലുടനീളം ഒരുലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പവന്‍കുമാര്‍ ചംലിങ് അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പ് നടന്നുവരികയാണെന്നും കേന്ദ്രം സംസ്ഥാനത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിക്കിമിനെ പിടിച്ചുകുലുക്കിയ റിക്ടര്‍ സ്കെയിലില്‍ 6.8 വ്യാപനം രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 68 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുകഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പവന്‍കുമാര്‍ വ്യക്തമാക്കി. ഇതോടൊപ്പം വടക്കന്‍ സിക്കിമിലെ ഒറ്റപ്പെട്ട് കിടക്കുന്ന ചില പ്രദേശങ്ങളില്‍ ചെന്ന് വിവരശേഖരണം നടത്താന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി ആവശ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂചലനത്തെത്തുടര്‍ന്ന് അടച്ച ഗാങ്ങ്ടോക്ക് മന്‍ഗാന്‍ പാത സര്‍ക്കാര്‍ വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: