ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന ആവശ്യത്തെ സി.ബി.ഐ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കേസില്‍ പി.ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന ആവശ്യം നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ വാദിച്ചു.
സ്പെക്ട്രം ഇടപാട് കാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമിയാണ് ഹര്‍ജി നല്‍കിയത്. സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെങ്കില്‍ അക്കാര്യം വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടത്.
കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്താല്‍ സുപ്രീംകോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും സി.ബി.ഐയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കേസില്‍ ആരെയോക്കെ ചോദ്യം ചെയ്യണമെന്നതില്‍ കോടതി ഇടപെടരുതെന്നും സി.ബി.ഐ അഭ്യര്‍ഥിച്ചു.
സ്പെക്ട്രം കേസില്‍ മേല്‍നോട്ട സമിതിയുടെ ആവശ്യം ഇല്ല. പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ നാളെ വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: