തിരുവനന്തപുരം: പുല്ലുമേട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍ കമ്മീഷന് സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്കി. പുല്ലുമേട്ടിലേക്കുള്ള ഇടുങ്ങിയ വഴികള്ക്കരികിലുണ്ടായിരുന്ന കടക്കാര് തിരക്കുണ്ടായപ്പോള്‍ തീര്‍ത്ഥാടകരെ അടിച്ചോടിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് കമ്മീഷന് കണ്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് ഇന്നലെ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറിയത്. അടുത്ത തീര്‍ത്ഥാടന സീസണിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഈ മാസം 30നാണ്.
തീര്‍ത്ഥാടകരുടെ അനിയന്ത്രിതമായ പ്രവാഹമാണ് ദുരന്തത്തിന്റെ അടിസ്ഥാന കാരണം. ഇതൊഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രിതമായി മാത്രമെ തീര്‍ത്ഥാടകരെ ഇവിടേക്ക് കടത്തിവിടാവൂ എന്നും നിര്‍ദേശമുണ്ട്. ദുരന്തത്തിന്റെ പ്രധാന കാരണം കച്ചവടക്കാരുടെ നടപടിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടെ കച്ചവടം അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് നിയന്ത്രിത എണ്ണം കടകള്‍ മാത്രമെ അനുവദിക്കാവൂ. വഴിയോരം കൈയേറി കടകള്‍ നിര്‍മിക്കാന്‍ അനുവദിക്കരുത്. വഴികളില്‍നിന്നും കടകള്‍ മാറ്റി സ്ഥാപിക്കണം. കടകളിലെ ജീവനക്കാര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ഇവരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുകയും വേണമെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ട്.
അടുത്ത തീര്‍ത്ഥാടക സീസണിന് മുമ്പായി പുല്ലുമേട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തിരക്ക് നിയന്ത്രിക്കുന്നതിനായി ചങ്ങലകള്‍ സ്ഥാപിക്കുകയോ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യരുത്. സ്ഥിരമായ ബാരിക്കേഡ് സ്ഥാപിക്കാം. എന്നാല്‍ ഇത് കാണാന്‍ കഴിയുന്ന തരത്തിലാകണം. സഞ്ചാരത്തെ തടസപ്പെടുത്തുന്നതോ തട്ടിവീഴാന്‍ സാധ്യതയുള്ളതോ ആകരുത്. വനം വകുപ്പ് സ്ഥാപിച്ച ചങ്ങലയില്‍ തടഞ്ഞ് തീര്‍ത്ഥാടകര്‍ വീണതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്ന് കമ്മീഷന് കണ്ടെത്തി. പുല്ലുമേട്ടില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കരുത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ ഇവിടേയ്ക്കു വാഹനങ്ങള്‍ കടത്തിവിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായാല്‍ അടിയന്തരമായി ആശുപത്രിയിലും മറ്റും എത്തിക്കുന്നതിനുള്ള ആംബുലന്‍സുകള്‍ ആകാം.
മകരജ്യോതി ദര്‍ശന സൗകര്യമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമെത്തിക്കുന്നതിനും വൈദ്യുതി ബന്ധം തകരാറിലായാല്‍ പകരം സംവിധാനത്തിലൂടെ വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. താല്‍ക്കാലിക മൊബെയില്‍ ടവറുകളോ സ്ഥിരമായ ടവറുകളോ ഇവിടെ സ്ഥാപിക്കണം. അപകടത്തിനുശേഷം ആശയവിനിമയം നടത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. താല്‍ക്കാലിക വയര്‍ലെസ് സ്റ്റേഷന് സ്ഥാപിക്കണമെന്നും ആവശ്യത്തിന് ഉപകരണങ്ങള്‍ ഇവിടെ ജോലി ചെയ്യുന്ന പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മകരവിളക്ക് ദര്‍ശനത്തിനുശേഷം നിയന്ത്രിതമായി വേണം തീര്‍ത്ഥാടകരെ കടത്തിവിടേണ്ടത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. അഗ്നിശമന സേനാവിഭാഗത്തെ വിന്യസിപ്പിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: