ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരീച്ചവരുടെ എണ്ണം 50 കവിഞ്ഞു. സിക്കിമില്‍ മുപ്പത്തിയൊന്നു മരണം സ്ഥിരീകരിച്ചു. നേപ്പാളില്‍ ഏഴും ടിബറ്റില്‍ ഏഴും ബിഹാറില്‍ രണ്ടും ബംഗാളില്‍ ആറും പേര് ഭൂചലനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ശക്തമായ മഴയും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്. സിക്കിമില്‍ മരണമടഞ്ഞവരില്‍ രണ്ട് സൈനികരും ഉള്‍പ്പെടുന്നു. നോര്‍ത്ത് സിക്കിമില്‍ മൂന്ന് സൈനിക വാഹനങ്ങളും ഒരു ബസും കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് 6.10നാണ് റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിക്കിം-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന മംഗനാണ്. നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കിയിട്ടില്ല. ചില കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഇവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനന. ഗാങ്ങ്ടോക്കിലേക്കു പുറപ്പെട്ട നാനൂറോളം രക്ഷാപ്രവര്‍ത്തകര്‍ മണ്ണിടിച്ചില്‍ മൂലം വഴിയില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സിക്കിമിലെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം അറ്റു. ആയിരക്കണക്കിന് ആളുകളാണ് സര്‍ക്കാര്‍ ഒരുക്കിയ താവളങ്ങളില്‍ കഴിയുന്നത്. ഇന്നലെ വീടുകള്‍ക്കു പുറത്ത് കഴിച്ചുകൂട്ടുകയായിരുന്നു സിക്കിമിലെ ഭൂരിപക്ഷം പേരും. ഗാങ്ങ്ടോക്കില്‍ കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല.
രാജസ്ഥാന്, ദല്‍ഹി, യുപി, ബിഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര ബിഹാറിലെ ദര്‍ഭംഗയില്‍ ഏറെ നേരം ഭൂചലനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടെ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടിയതിനെത്തുടര്ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ദല്‍ഹി, ജയ്പുര്‍, ലക്നൗ നഗരങ്ങളിലും ജനം പരിഭ്രാന്തരായി വീടുവിട്ടിറങ്ങി. ഭൂകമ്പമുണ്ടായി 20 മിനിറ്റിനു ശേഷം രണ്ടു തുടര്‍ചലനങ്ങളും സിക്കിമില്‍ അനുഭവപ്പെട്ടു. ഇവ റിക്റ്റര്‍ സ്കെയിലില്‍ 6.1ഉം 5.3ഉം രേഖപ്പെടുത്തി. സിക്കിമിലും ഡാര്‍ജിലിങ്ങിലും മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിഹാറിലും ബംഗാളിലും ചിലയിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍, വൈദ്യുതി ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. നേപ്പാളിലെ ബ്രിട്ടിഷ് എംബസിയുടെ മതില് ഇടിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ ഉള്‍പ്പെടെ നാലു വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കപ്പെട്ടു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് സിക്കിം മുഖ്യമന്ത്രി പവന് ചാംലിങ്ങിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. പ്രധാനമന്ത്രി മന്മോഹന് സിങ് അദ്ദേഹത്തെ ടെലിഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്യാബിനറ്റ് സെക്രട്ടറി അജിത് സേഥും അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: