കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള തീരദേശ പരിപാലന മാനേജുമെന്റ് അതോറിറ്റി ഭരണ സ്തംഭനത്തില്‍. കഴിഞ്ഞ ജൂലൈ 23 ന് മുന്‍ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാക്കിയശേഷം രണ്ടുമാസം ആവാറായിട്ടും പുതിയ ഭരണസമിതി നിലവില്‍ വരാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സ്ഥാപനമാണ് കേരളാ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ് അതോറിറ്റി.
മുഖ്യമന്ത്രിക്ക് നേരിട്ടു നിയന്ത്രണമുള്ള പരിസ്ഥിതി വകുപ്പിനാണ് അതോറിറ്റിയുടേയും നിയന്ത്രണാധികാരം.
പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് സംരക്ഷണ പാക്കേജും മറ്റും സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവയെല്ലാം മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള അതോറിറ്റിയുടെ പുനഃസംഘടനയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം മൂലം വൈകിയിരിക്കുന്നത്.
സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളോടും പരിസ്ഥിതി പ്രാധാന്യമുള്ള മറ്റിടങ്ങളോടും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ക്ക് തീരദേശ പരിപാലന മാനേജുമെന്റ് അതോറിറ്റിയുടെ ‘ക്ലിയറന്‍സ്’ നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ ജൂലൈ 23 ന് ശേഷം അതോറിറ്റിയുടെ ഭരണ സംവിധാനം നിലവിലില്ലാത്തതിനാല്‍ പലതും പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് 2008 ജൂലൈ 21 പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചാണ് മൂന്നുവര്‍ഷം മുന്‍പ് സംസ്ഥാനത്ത് തീരദേശ മാനേജുമെന്റ് അതോറിറ്റി ഔദ്യോഗികമായി നിലവില്‍ വന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കും ഭരണഘടന അനുസരിച്ച് മാനേജുമെന്റും അതോറിറ്റിയുടെ സ്ഥിരം ചെയര്മാന്. തദ്ദേശ സ്വയംഭരണ വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഫിഷറീസ് വകുപ്പ് സെക്രട്ടറിമാരും റവന്യൂ, വ്യവസായ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും മലിനീകരണ നിയന്ത്രണബോര്‍ഡ് സെക്രട്ടറി, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ഡയറക്ടര്‍ എന്നിവരും ശാസ്ത്രസാങ്കേതിക വിഭാഗം മെമ്പര്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന 12 അംഗ ഭരണസമിതിയാണ് അതോറിറ്റിയുടേത്. നിയമപ്രകാരമുള്ള അതോറിറ്റിയുടെ മൂന്ന് വര്‍ഷകാലാവധി കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയായതിനാല്‍, തന്ത്രപ്രധാനമായ തീരദേശ മാനേജുമെന്റ് അതോറിറ്റി സാങ്കേതികമായി ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലില്ല എന്നാണ് തിരുവനന്തപുരം പട്ടം ശാസ്ത്രഭവനിലുള്ള അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നും ലഭ്യമായ വിവരം.
പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതോറിറ്റി പുനഃസംഘടനയില്‍ നേരിടുന്ന കാലതാമസം വിമര്ശനങ്ങല് വിളിച്ചുവരുത്താന്‍ ഇടയാക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: