ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വന്‍വര്‍ധനവ്. ലിറ്ററിന് 3.14 രൂപ കൂട്ടിയാണ് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലവര്‍ധന കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് നടപ്പാക്കിയിരിക്കുന്നത്. പുതിയ പെട്രോള്‍ വില വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്നു. കേരളത്തില്‍ ലിറ്ററിന് 70 രൂപക്ക് മുകളിലാണ് പെട്രോള്‍വില. നാലുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് പെട്രോള്‍ വിലവര്‍ധിപ്പിക്കുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് വര്‍ധിച്ചെന്നും ഇക്കാരണത്താല്‍ പെട്രോള്‍ വില വര്ധിപ്പിക്കാതിരിക്കാനാവില്ലെന്നുമാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിശദീകരണം.
എന്നാല്‍ നികുതിയുള്‍പ്പെടെ സംസ്ഥാനങ്ങള്‍ പെട്രോള്‍ വില മൂന്നര രൂപവരെ ഉയര്‍ത്താനിടയുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയംഎന്നീ കമ്പനികളാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിന്റെ വിപണിവില താഴ്ത്താന്‍ അനുവദിക്കാതിരുന്ന എണ്ണക്കമ്പനികളാണ് രൂപയുടെ മൂല്യം കുറഞ്ഞ ഉടനെ പെട്രോള്‍ വില ഉയര്ത്താനാവശ്യപ്പെട്ടത്. അമേരിക്കന്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം 2009 സപ്തംബറിനു ശേഷമുള്ള ഏറ്റവും താണ നിരക്കിലാണ്. പെട്രോള്‍ കുറഞ്ഞ വിലക്ക് വിറ്റിരുന്നതുമൂലം തങ്ങള്‍ക്ക് 2,450 കോടി രൂപയുടെ നഷ്ടമുണ്ടായതായി എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.
ലിറ്ററിന് 3.40 രൂപ വീതം നഷ്ടം നേരിട്ടിരുന്നതായാണ് എണ്ണക്കമ്പനി വക്താക്കള്‍ പറയുന്നത്. ഇവരുടെ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് വിലവര്ധവിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
രാജ്യാന്തര വിലക്ക് അനുസൃതമായി ആഭ്യന്തര വില ക്രമീകരിക്കണമെങ്കില്‍ പ്രാദേശിക നികുതിയടക്കം ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് കമ്പനികള്‍ സര്‍ക്കാരിനെ ബോധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഡീസല്‍ ലിറ്ററിന് 6.05 രൂപയും മണ്ണെണ്ണ ലിറ്ററിന് 23.25 രൂപയും 14.2 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ 267 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും പൊതുമേഖല എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. രാജ്യത്തെ പണപ്പെരുപ്പം 9.78 ശതതാനമായി ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍, ഇനിയും നഷ്ടം താങ്ങാനാവില്ലെന്നാണ് ഇവരുടെ വാദം. ഡീസലിനെക്കാളും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യയിലേക്ക് വരും കാലങ്ങളില്‍ കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്നും ഇക്കാര്യത്തിനായി കൂടുതല്‍ ധനം ആവശ്യമായിട്ടുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് ആര്.എസ്. ബുട്ടോല പറഞ്ഞു.
ഇതോടൊപ്പം വാറ്റിനും മറ്റ് പ്രാദേശിക നികുതികള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വിലയില്‍ ചില്ലറ വ്യതിയാനങ്ങളുണ്ടാകാനിടയുണ്ട്. ഇതനുസരിച്ച് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 66.84 രൂപയാകും ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുക. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ 70 രൂപയോളമാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെട്രോള്‍ വിലയില്‍ പന്ത്രണ്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മെയില്‍ പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂട്ടിയത്. എല്‍പിജിക്ക് 50 രൂപയും ഡീസല്‍ , മണ്ണെണ്ണ എന്നിവക്ക് യഥാക്രമം 3, 2 രൂപയും കൂട്ടിയിരുന്നു. 2010 ജൂണ്‍ മുതല്‍ എണ്ണക്കമ്പനികള്‍ക്ക് സ്വമേധയാ വില വര്‍ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
പെട്രോള്‍ വിലവര്‍ധന കൂടുതലായും ബാധിക്കുക മധ്യവര്‍ത്തി കുടുംബങ്ങളെയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പണപ്പെരുപ്പം വീണ്ടും ഉയരാനിടയുണ്ടെന്നും സൂചനയുണ്ട്. ഇതോടൊപ്പം വിലവര്‍ധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ഭക്ഷ്യവസ്തുക്കള്‍, പെട്രോള്‍ എന്നിവയുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുന്നതായി പൗരപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: