തൃശൂര്‍: മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികടിച്ച് വികൃതമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കൈമലര്‍ത്തുന്നു. കഴിഞ്ഞ ദിവസം മരിച്ച ചൂരക്കാട്ടുകര ഇട്ടിലവളപ്പില് രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹത്തെയാണ് ആശുപത്രി അധികൃതര്‍. സുരക്ഷിതമായി സൂക്ഷിക്കാതെ ക്രൂരത കാണിച്ചത്.
ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിയുടെ ഫ്രീസറില്‍ വച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്മോര്‍ട്ടത്തിനായി അവിടെയെത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹത്തിന്റെ മുഖത്ത് കുഴികളും ഒരുഭാഗം അടര്‍ന്നുപോയ നിലയിലും കണ്ടെത്തിയത്. മൂക്കിന്റെ ഭാഗത്ത്നിന്നാണ് കടിച്ചെടുത്തിട്ടുള്ളത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു. ഫ്രീസറിനുള്ളില്‍ എലിയുണ്ടെന്നും ഇത് കടിച്ചെടുത്തതായിരിക്കുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതേത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്ന നിലപാടിലായിരുന്നു. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.
മോര്‍ച്ചറിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന സ്ത്രീയുടെ മൃതദേഹത്തിന്റെ ചുണ്ട് എലി കടിച്ചുകൊണ്ടുപോയതായും പറയുന്നു. ദിവസവും നിരവധി മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവരുന്നത്.
മൃതദേഹങ്ങളോട് കാണിക്കുന്ന ക്രൂരതക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതും ഇവിടുത്തെ നിത്യസംഭവമാണെന്ന് പറയപ്പെടുന്നു. മെഡിക്കല്‍ സര്‍വ്വകലാശാലയാക്കാന്‍ പോകുന്ന മുളംകുന്നത്തുകാവില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: