ആദ്ധ്യാത്മിക ജീവിതത്തില്‍ രാവിലെയും വൈകുന്നേരവും ഒന്നോ രണ്ടോ മണിക്കൂര്‍ ധ്യാനിച്ചാല്‍ പോരാ. ആ ധ്യാനാവസ്ഥയുടെ ഒരംശം ദിവസം മുഴുവന്‍ നിലനിര്‍ത്തണം. ജീവിതത്തിലെ നിത്യകൃത്യങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോഴും മനസ്സിന്നടിയില്‍ ഈശ്വരപരമായ ഒരു ചിന്താപ്രവാഹം പുലര്‍ത്തണം. ഇത് അശുദ്ധചിന്തകളുദിക്കുന്നത് തടയുകയും ധ്യാനിക്കാനിരിക്കുമ്പോള്‍ ഏകാഗ്രതയുണ്ടാവാന്‍ അത്യന്തം സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ നിത്യേനയുള്ള ധ്യാനത്തോടനുബന്ധിച്ച് നാം ഈശ്വരസാന്നിധ്യം അഭ്യസിക്കണം. വേണ്ടപോലെ ചെയ്താല്‍ ഇതുതന്നെ ഒരു തീവ്രമായ ആദ്ധ്യാത്മസാധനയാണ്. അത് വളരെ മണിക്കൂറുകള്‍ ഏകാഗ്രതയിലില്ലാതെ ധ്യാനിക്കുന്നതിന് തുല്യമാണ്.
ഈ ഉപദേശങ്ങളിലെല്ലാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മനസ്സിനെ സദാ ഉയര്‍ന്ന തലത്തില്‍ നിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ്. അതിനെ ഒരിക്കലും താഴേയ്ക്ക് വരാന്‍ അനുവദിക്കരുത്. പരമലക്ഷ്യം മറന്ന് ലൗകികകാര്യങ്ങളില്‍ മുഴുകുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. കര്‍മ്മങ്ങളും കര്‍ത്തവ്യങ്ങളും ഒഴിവാക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് അവയെ ഈശ്വരനോട് ബന്ധം പുലര്‍ത്താനുള്ള ഉപായമായി മാറ്റണം. അങ്ങനെ ചെയ്തില്ലെങ്കില്‍ രാവിലെയും വൈകുന്നേരവും അല്പനേരം ജപിച്ചതുകൊണ്ടും ധ്യാനിച്ചതുകൊണ്ടും വലിയ പ്രയോജനമില്ല. നാം സദാ ഈശ്വരനെ സ്മരിക്കണം, അതിനുള്ള വഴി, നാം ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം ഈശ്വരനോട് ബന്ധപ്പെടുകയാണ്. മനസ്സിനെ വെറുതെയിരിക്കാനോ കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കാനോ അനുവദിക്കുന്ന് ആപല്‍ക്കരമാണ്. മനസ്സിനെ വെറുതെ ഇരിക്കാന്‍ അനുവദിച്ചാല്‍ അത് വ്യര്‍ത്ഥ ചിന്തകളിലും അനുഭവങ്ങളിലും ചരിച്ചുകൊണ്ടിരിക്കും. ഇതുകൊണ്ടൊന്നും ഒരാള്‍ക്കും ഗുണമില്ല. ഇങ്ങനെയൊരവസ്ഥയില്‍ അകപ്പെട്ടാല്‍ ഉടനെ ഒരു സദ്ഗ്രന്ഥമെടുത്ത് വായിക്കണം, അല്ലെങ്കില്‍ എന്തെങ്കിലും നിസ്വാര്‍ത്ഥസേവനം ചെയ്യണം. അപ്പോള്‍ മനസ്സിന്റെ ആ അവസ്ഥ വേഗം ഇല്ലാതാവുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: