വാഷിംഗ്ടണ്‍: ഗുജറാത്തിനും മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും അമേരിക്കയുടെ മുക്തകണ്ഠ പ്രശംസ. ഇന്ത്യയില്‍ കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച വികസന പ്രവര്‍ത്തനങ്ങളുടെയും ഉത്തമോദാഹരണമാണ് ഗുജറാത്തെന്നും ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നരേന്ദ്രമോഡി നിര്‍ണായക മാര്‍ഗദര്‍ശിയാണെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യയില്‍ അഴിമതിരഹിതവും കാര്യക്ഷമതയുള്ള ഭരണവും മികച്ച വികസനവും കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം ഗുജറാത്താണെന്ന് ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസി(സിആര്‍എസ്)ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചുവപ്പുനാട ഒഴിവാക്കി അച്ചടക്കമുള്ള സാമ്പത്തിക പ്രക്രിയകളിലൂടെ ഗുജറാത്തിനെ നയിക്കുന്ന നരേന്ദ്രമോഡി ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആധുനിക റോഡുകള്‍ക്കും ഊര്‍ജരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വന്‍ നിക്ഷേപംതന്നെ നടത്തിയിട്ടുള്ള ഗുജറാത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 11 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഗുജറാത്തിന്റെ ഈ സവിശേഷതകളാണ് വമ്പന്‍ അന്താരാഷ്ട്ര നിക്ഷേപകരായ ജനറല്‍ മോട്ടോഴ്സിനെയും മിത്സുബിഷിയെയും മറ്റും ആകര്‍ഷിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം മാത്രമുള്ള ഗുജറാത്ത് ഇപ്പോള്‍ രാജ്യത്തെ കയറ്റുമതിയുടെ അഞ്ചിലൊന്നില്‍ ഏറെയും നിര്‍വഹിക്കുന്നതായും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി കഴിഞ്ഞ ഒന്നാംതീയതി പുറത്തിറക്കിയ 94 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണപരമായ മികവില്‍ ഗുജറാത്തിന് തൊട്ടുപിന്നില്‍ ബീഹാറിനാണ് സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാറില്‍ സല്‍ഭരണംകൊണ്ട് ജാതീയ രാഷ്ട്രീയത്തിനുമേല്‍ ഉജ്ജ്വല വിജയം കൈവരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കഴിഞ്ഞിട്ടുണ്ടെന്നും അമേരിക്ക പ്രകീര്‍ത്തിച്ചിരിക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമാക്കുകയും സാധാരണ പൗരന്മാര്ക്ക് നേരിട്ട് പ്രയോജനം കിട്ടത്തക്കവിധം അടിസ്ഥാന, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പ്രതിപക്ഷമായ ബിജെപിയുമായി ചേര്‍ന്ന് നിതീഷിന്റെ ഐക്യജനതാദള്‍ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിമാരായ നരേന്ദ്രമോഡിയും നിതീഷ് കുമാറും സൃഷ്ടിച്ച ഉത്തമമാതൃകകള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി മായാവതിയെയും സ്വാധീനിച്ചിട്ടുണ്ടത്രെ. ദേശീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തിപ്പോരുകയും 2009 ല്‍ മൂന്നാം മുന്നണിക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്ന മായാവതി ഒടുവില്‍ റോഡ് നിര്‍മാണ പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളുമെല്ലാമായി സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്.
ആന്ധ്രാപ്രദേശിലെ തെലുങ്കാന പ്രസ്ഥാനവും പശ്ചിമബംഗാളിലെ പുതിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. ഇന്ത്യയില്‍ 2014 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാമെന്നും സിആര്‍എസ് പറയുന്നു. രാജ്യം നേരിടുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിഷേധിക്കാനാവാത്ത എതിരാളിയായി മാറാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി അവര്‍ വികസനത്തിലും സല്‍ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുന്‍ഗാമികളേക്കാള്‍ മികച്ച നയതന്ത്രജ്ഞതയും സംഘടനാപാടവവും കാഴ്ചവെക്കുന്നവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നതെന്നും സിആര്‍എസ് നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: