ന്യൂദല്‍ഹി: അഴിമതിക്കെതിരെ നിരാഹാരസമരവുമായി മുന്നോട്ടുപോയ തന്നെയും സംഘത്തെയും അറസ്റ്റ് ചെയ്ത നടപടിക്ക് ചുക്കാന്‍ പിടിച്ചത് ആഭ്യന്തരമന്ത്രി ചിദംബരമാണെന്ന് അണ്ണാ ഹസാരെ. സംയുക്ത കരട് സമിതിയില്‍ അംഗങ്ങളായിരുന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ അധികാരം കൈവശപ്പെടുത്തിയിരിക്കുന്നതുപോലെയാണ് പെരുമാറിയിരുന്നതെന്നും ഹസാരെ കുറ്റപ്പെടുത്തി.
രാജ്യത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയും അഴിമതിരഹിതമല്ല. അതുകൊണ്ടുതന്നെ ഓരോ പാര്‍ട്ടിയിലേയും ശുദ്ധരായ നേതാക്കള്‍ ഒത്തൊരുമിച്ച് പുതിയൊരു പാര്‍ട്ടി രൂപീകരിച്ചാല്‍ പൂര്‍ണമായും പിന്തുണക്കാന്‍ തയ്യാറാണ്. ആഗസ്റ്റ് 16 ന് നിരാഹാര സമരവേദിയില്‍നിന്നും തന്നെയും സംഘത്തെയും അറസ്റ്റ് ചെയ്തതിനു പിന്നില്‍ ചിദംബരമാണ്. രാംലീലാ മൈതാനിയില്‍ രാംദേവിനും സംഘത്തിനുമെതിരെ അഴിച്ചുവിട്ട അതിക്രമമാണ് അവര്‍ (സര്‍ക്കാര്‍) തനിക്കെതിരെയും കരുതിയിരുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മാന്യനാണ്. പക്ഷെ അദ്ദേഹം സഭയിലെ മുതിര്‍ന്ന മന്ത്രിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും റിമോട്ട് കണ്‍ട്രോളറാണ്, ഹസാരെ അഭിപ്രായപ്പെട്ടു.സ്റ്റാന്റിംഗ് കമ്മററി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനിയും സമരവുമായി മുന്നോട്ടുപോകും. പക്ഷേ സമരം പാര്ലമെന്റിനെതിരെയായിരിക്കില്ല, സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത അംഗങ്ങള്ക്കെതിരെയായിരിക്കും സമരം. പ്രധാനമന്ത്രിയെന്ന നിലയില്‍ മന്മോഹന്സിംഗിന് ഇന്ദിരാഗാന്ധിയില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: