കാബൂള്‍: അഫ്ഗാനില്‍ നാറ്റോ ആസ്ഥാനത്തിനും യുഎസ് എംബസിക്കും നേരെ താലിബാന് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ സംഘര്‍ഷഭരിതമായ ദിനമായിരുന്നു ഇന്നലെ. റോക്കറ്റ് നിയന്ത്രിത ഗ്രനേഡുകളും എകെ-47 തോക്കുകളുമായി ചാവേര്‍ ഭീകരര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. നാറ്റോ ആസ്ഥാനത്തിനും യുഎസ് എംബസിക്കും നേരെ ആക്രമണമുണ്ടായി. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഒരു പോലീസുകാരന് മരിച്ചതായി മാത്രമേ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. കാബൂളിലെ അബ്ദുള്‍ ഹക്ക് സ്ക്വയറില്‍ ഒട്ടേറെ സായുധ ഭീകരര്‍ തിടിച്ചുകൂടിയിരുന്നതായി നഗരത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് തലവന്‍ മുഹമ്മദ് സഹീര്‍ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഓഫീസും ഒരു മന്ത്രാലയവുമായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് താലിബാന്റെ വക്താവ് സബീഹുള്ള മുജാഹിദ് അജ്ഞാത കേന്ദ്രത്തില്‍നിന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ 10 ന് മധ്യ അഫ്ഗാനിസ്ഥാനിലെ നാറ്റോ താവളത്തിലുണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ നാല് അഫ്ഗാന്‍കാര്‍ കൊല്ലപ്പെടുകയും 77 യുഎസ് ഭടന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതേസമയം ദല്‍ഹി ഹൈക്കോടതിയിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പാരിതോഷികം പത്തുലക്ഷം രൂപയായി ഉയര്‍ത്തിയതായി അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കൈമാറുന്നവര്‍ക്കാണ് ഈ പാരിതോഷികം ലഭിക്കുക. ഇതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റേടുത്തു കൊണ്ട് ഇമെയില്‍ അയക്കാന്‍ ഉപയോഗിച്ചത് ഒരു ക്ലോണ്‍ സിം ആണോ എന്ന കാര്യവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന നിരവധിയാളുകളെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന. എന്നാല്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇമെയില്‍ അയച്ചത് ഒരു മൊബെയില്‍ സിമ്മിന്റെ പകര്‍പ്പ് ഉപയോഗിച്ചായിരുന്നുവെന്നും ഇക്കാരണത്താല്‍ ഇമെയില്‍ അയച്ച വ്യക്തിയെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം ഇമെയിലിന്റെ ഉടമയെന്ന് കരുതപ്പെടുന്ന ഒരാള്‍ പശ്ചിമബംഗാളില്‍ പിടിയിലായതായും ഇയാളെ ചോദ്യം ചെയ്യുന്നതിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നതായും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭീകര വിരുദ്ധ സ്ക്വാഡുകളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: