പെരുമ്പാവൂര്‍: കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും അവര്‍ക്ക് വേദികള്‍ ഒരുക്കുന്നതിനും അംഗീകാരങ്ങള്‍ നല്‍കുന്നതിനും ഒട്ടും മടികാണിക്കാത്ത നാടാണ് പെരുമ്പാവൂര്‍.അങ്ങിനെയുള്ള പെരുമ്പാവൂരിന്റെ എംഎല്‍എയുടെ വീടും ഒരു ക്ഷേത്രവാദ്യകലയ്ക്ക് കളരിയാകുവാന് വേദിയൊരുക്കുകയാണ്. പെരുമ്പാവൂര്‍ എംഎല്‍എയായ സാജുപോളിന്റെ വേങ്ങൂരിലുള്ള പന്തലങ്ങല്‍ തറവാടിന്റെ ഒരു ചെറിയ ഭാഗമാണ് ക്ഷേത്രവാദ്യകലകളിലെ തുകല്വാദ്യങ്ങളിലെ അസുരവാദ്യമായ ചെണ്ട അഭ്യസിക്കുവാന്‍ കളരിയാകുന്നത്. കേരളതനിമയുള്ള പലകലകളും മണ് മറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു ആശയത്തിന് പ്രചോദനമായത് കേരള കലാമണ്ഡലത്തിലെ കഥകളിവേഷം കെട്ടിക്കുന്ന കോപ്പറ കണ്ടപ്പോഴാണെന്ന് അദ്ദേഹം പറയുന്നു.
ക്ഷേത്ര ഉത്സവാദിചടങ്ങുകളില് മതിലിന് പുറത്ത് പാണ്ടിക്കും, തിരുമുറ്റത്ത് പഞ്ചാരിക്കും, നാലമ്പലത്തിനകത്ത് ചെമ്പടക്കും, നാദവിസ്മയം തീര്‍ക്കുന്ന ചെണ്ടയോട് അമിത വാത്സല്യമുണ്ടങ്കിലും ശിങ്കാരിമേളമെന്ന ചെണ്ടവാദനത്തോട് എംഎല്‍എക്ക് താത്പര്യക്കുറവുമുണ്ട്. കുടുംബശ്രീക്കാര് നടത്തുന്ന കൃത്രിമത്വം നിറഞ്ഞ ഒരു മേളമായാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. പന്തലങ്ങല്‍ വീട്ടില്‍ വാദ്യപഠനത്തിനെത്തുന്ന കുട്ടികളെ പഠിപ്പിക്കുന്നത് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തില്‍ പ്രമാണിയായിരുന്ന പെരുവനം കുട്ടന്മാരാര്ക്കൊപ്പം നിന്ന് പൂരം നയിച്ച ചേരാനെല്ലൂര്‍ ശങ്കരന് കുട്ടിമാരാണ്. കവിയും, കാമുകനും, ഭ്രാന്തനും ഉറക്കകുറവുള്ളവരാണെന്ന മഹദ്വാക്യം പറയുന്നതോടൊപ്പം ഇതില്‍ ഏതോ ഒന്നുകാരണം തനിക്കും ഉറക്കം കുറവാണെന്ന് സമ്മതിക്കുന്ന സാജുപോള്‍ എംഎല്‍എ തന്റെ വീട്ടിലൊരുങ്ങുന്ന ചെണ്ടപഠനകളരിക്ക് ഉചിതമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: