തിരുവനന്തപുരം: സ്വാഭാവിക കോടതി നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് ജഡ്ജിക്കെതിരെ ഗവ. ചീഫ് വിപ്പ് രംഗത്തിറങ്ങിയത് യുഡിഎഫിന് കീറാമുട്ടിയാകുന്നു. പാമോയില്‍ കേസില്‍ ധനകാര്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ പരിശോധന വേണമെന്ന് ഉത്തരവിട്ട വിജിലന്‍സ് പ്രത്യേക ജഡ്ജിക്കെതിരെയാണ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നത്. അതിനുമുമ്പ് ജഡ്ജിക്കെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ച ജോര്‍ജിനെതിരെ കോടതിയലക്ഷ്യ നടപടിയും തുടങ്ങിയപ്പോഴാണ് പരാതി രാഷ്ട്രപതിക്കയയ്ക്കുന്നത്. ഇതിന്റെ പേരില്‍ പ്രളയം തുടങ്ങിയത് യുഡിഎഫിലാണ്. പ്രതിപക്ഷം പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രതിപക്ഷത്തെക്കാള്‍ ആവേശത്തോടെയാണ് ഭരണപക്ഷത്തുള്ളവര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. കെപിസിസിയും മുഖ്യമന്ത്രിയും ജോര്‍ജിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞപ്പോള്‍ ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയാകട്ടെ ജോര്‍ജ് രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറിച്ചഭിപ്രായപ്പെടാനും തുനിഞ്ഞിറങ്ങി.
നീതിപീഠത്തോടും ഭരണകൂടത്തോടും ആദരവാണ് തനിക്കും പാര്‍ട്ടിക്കുമെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ പരാതി നല്കിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് വി.ഡി. സതീശന് എംഎല്‍എ ആരോപിച്ചിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന് സതീശന് പറഞ്ഞു. യുഡിഎഫ് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും സതീശന് പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ ആവര്‍ത്തനമായി ഇതിനെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിധി പ്രസ്താവിക്കുന്ന ജഡ്ജിക്കെതിരെ പ്രസ്താവന ഇറക്കുന്നതു ശരിയല്ല. ഇത് ശരിവച്ചാല്‍ ലാവലിന്‍ കേസിലെ വിധിക്കെതിരായ സിപിഎമ്മിന്റെ എതിര്‍പ്പിനെയും ശരിവയ്ക്കേണ്ടിവരുമെന്ന് സതീശന് വ്യക്തമാക്കി.
ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് അധികാര ദുര്‍വിനിയോഗം നടത്തുന്ന പി.സി. ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആലുവയിലാണ് ആവശ്യപ്പെട്ടത്. തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പി.സി. ജോര്‍ജ് ഇപ്പോള്‍ ചെയ്യുന്നത് മഠയത്തരമാണ്. പി.സി. ജോര്‍ജ് അതിസാമര്‍ഥ്യം കാണിക്കുകയാണ്. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണ് ജോര്‍ജ് ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കോടതിയോട് അനാദരവ് കാണിക്കുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് വ്യക്തമാക്കി. പി.സി. ജോര്‍ജിന്റെ പരാതി വ്യക്തിപരമായ കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കൊടുക്കല്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണങ്ങള്‍ ഇനിയാരും മുഖവിലയ്ക്കെടുക്കില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിനോട് പുലര്‍ത്തേണ്ട അതേ സമീപനം തന്നെ ചീഫ് വിപ്പിനോടും പുലര്‍ത്തേണ്ട ഗതികേടാണ് ഭരണപക്ഷത്തിനും വന്നുപെട്ടിരിക്കുന്നത്. യുഡിഎഫില്‍ ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നോ ചെയ്യുന്നുവെന്നോ നിശ്ചയമില്ലാത്ത സ്ഥിതിയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. നൂറു ദിവസം കൊണ്ട് ഇത്രമാത്രമാകാമെങ്കില് സമ്പൂര്‍ണമായി നാറാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പൊതുജനാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: