ന്യൂദല്‍ഹി: രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്മോഹന് സിങ് ധാക്കയിലേക്ക് പുറപ്പെട്ടു. അതിര്‍ത്തി സംബന്ധിച്ച് അവശേഷിക്കുന്ന തര്‍ക്കം പരിഹരിക്കുന്നതടക്കമുള്ള സുപ്രധാന കരാറുകളില്‍ മന്മോഹനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഒപ്പുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
1999-ല്‍ എ.ബി. വാജ്പേയിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. തരുണ്‍ ഗൊഗോയ് (അസം), മണിക് സര്‍ക്കാര്‍ (ത്രിപുര), മുകുള്‍ സാങ്മ (മേഘാലയ), ലാല്‍തന്‍ഹാവ്ല (മിസോറം) എന്നീ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം അവര്‍ പിന്മാറുകയായിരുന്നു. ടീസ്റ്റ നദീജല കരാറില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മമത സന്ദര്‍ശനത്തില്‍ നിന്നും പിന്മാറിയത്. പശ്ചിമ ബംഗാളിന്റെ താത്പര്യത്തിനെതിരായി ബംഗ്ലാദേശ് ചര്‍ച്ചകളില്‍ തീരുമാനമെടുക്കില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് ഉറപ്പ് നല്‍കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ടീസ്റ്റ നദീജലം, അതിര്‍ത്തി തുറന്നു കൊടുക്കല്‍ എന്നീ കരാറുകള്‍ ഉപേക്ഷിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: