ന്യൂദല്‍ഹി : ജസ്റ്റിസ് സൗമിത്ര സെന്നിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ തുടരേണ്ടതില്ലെന്ന് ലോക് സഭാ സ്പീക്കര്‍ മീരാ കുമാര്‍ തീരുമാനിച്ചു. രാഷ്ട്രപതി സെന്നിന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്നാണിത്.
ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ വിവിധ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തേ രാജ്യസഭ ഇംപീച്ച്മെന്റ് പ്രമേയം ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. അന്ന് രാജ്യസഭയില്‍ സെന്‍ സ്വന്തം നിലപാട് സമര്‍ത്ഥിച്ചിരുന്നു.
ലോക് സഭയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഉപേക്ഷിച്ചതോടെ ഇംപീച്ച്മെന്റിലൂടെ പുറത്താകുന്ന രാജ്യത്തെ ആദ്യ ജഡ്ജി എന്ന അപമാനം സെന്നിന് ഒഴിവായി. ലോക്സഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തന്നെ സൗമിത്ര സെന്രാജി നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമം പാലിക്കാതെ സൗമിത്ര സെന്‍ ഫാക്സ് വഴി അയച്ച രാജിക്കത്ത് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളിയിരുന്നു. പിന്നീട് സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു.
1983-ല്‍ കൊല്‍ക്കത്തയില്‍ അഭിഭാഷകനായിരിക്കെ ഒരു കേസില്‍ കോടതി നിയമിച്ച റിസീവര്‍ എന്ന നിലയില്‍ തന്റെ അധീനതയിലുണ്ടായിരുന്ന 33.23 ലക്ഷം രൂപ ദുരുപയോഗം ചെയ്തു എന്നും കോടതി മുന്‍പാകെ വസ്തുതകള്‍ വളച്ചൊടിച്ചു എന്നുമാണ് സൗമിത്ര സെന്നിനെതിരെയുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: