കൊച്ചി : സംസ്ഥാനത്ത് കൂട്ടിയ പാല്‍വില ഇന്നു മുതല്‍ പ്രാബല്യത്തിലായി. ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ നീല കവര്‍ പാലിന് 23 രൂപയില്‍ നിന്ന് 28 രൂപയും കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് 27 രൂപയും കൊഴുപ്പ് കൂടിയ ചുവന്ന കവര്‍ പാലിന് 30 രൂപയുമായി.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് തന്നെ പാലിന്റെ വില മില്‍മ വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മില്‍മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയ്ക്ക് അവകാശമുണ്ടെന്ന കോടതിവിധി വന്നതോടെയാണ് വിലവര്‍ദ്ധനയുമായി മുന്നോട്ട് പോകാന്‍ മില്‍മ തീരുമാനമെടുത്തത്.
വര്‍ദ്ധിപ്പിച്ച അഞ്ച് രൂപയില്‍ നാല് രൂപ 20 പൈസ കര്ഷകന് നല്‍കാനാണ് മില്‍മയുടെ തീരുമാനം. 20 പൈസ വീതം ഏജന്റിനും, പ്രാഥമിക സംഘാടകര്‍ക്കും, മേഖലാ യൂണിയനുകള്‍ക്കും, ട്രാന്സ്പോര്ട്ടേഷന് ചെലവുകള്‍ക്കുമായി വിനിയോഗിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറാം തവണയാണ് മില്‍മ പാലിന്റെ വില കൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: