ന്യൂദല്‍ഹി: രാജ്യത്തെ പകുതിയിലേറെ കര്‍ഷകകുടുംബങ്ങളും കടക്കെണിയിലാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്ഗനൈസേഷന് നടത്തിയ സര്‍വെ പ്രകാരം രാജ്യത്തെ 89.35 മില്യണ്‍ വരുന്ന കര്‍ഷക കുടുംബങ്ങളില്‍ ഏകദേശം 43.42 മില്യണ്‍ (48.6 ശതമാനം) കുടുംബവും കണക്കെണികൊണ്ട് ബുദ്ധിമുട്ടുകയാണ്. കൃഷിമന്ത്രി ശരദ് പവാറാണ് കഴിഞ്ഞ ആഴ്ച സര്‍വെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. സംസ്ഥാനത്തെ കര്‍ഷക കുടുംബത്തിന്റെ ഏകദേശം 82 ശതമാനം വരുമിത്. തമിഴ്നാട്ടില്‍ 74.5 ശതമാനം, പഞ്ചാബില്‍ 65.4 ശതമാനം, കേരളത്തില്‍ 64.4 ശതമാനം, കര്‍ണാടകയില്‍ 61.6 ശതമാനം, മഹാരാഷ്ട്രയില്‍ 54.8 ശതമാനം ജനങ്ങളും കടബാധ്യതമൂലം ബുദ്ധിമുട്ടുന്നവരാണെന്നും കൃഷിമന്ത്രി സഭയെ അറിയിച്ചു. കടബാധ്യത മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അഗ്രികള്‍ച്ചറല്‍ ഡെബ്റ്റ് വെയ്വര്‍ ആന്റ് ഡെബ്റ്റ് റിലീഫ് സ്കീം (എഡിഡബ്ല്യുഡിആര്എസ്) എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിപ്രകാരം രാജ്യത്തെ ഏകദേശം 3.69 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: