ന്യൂദല്‍ഹി: സി.പി.എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണെന്നും കാരാട്ട് ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉപാധികളോടെ ചില മേഖലകളില്‍ വിദേശ നിക്ഷേപമാകാം. ഐ.ടി., ബയോടെക്നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. വി.എസ്. അച്യുതാനന്ദനും ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നും കാരാട്ട് വ്യക്തമാക്കി.
വിക്കിലീക്സ് രേഖകളില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കാരാട്ട് വ്യക്തമാക്കി. യു.എസ് ഉദ്യോഗസ്ഥരുടെ വ്യാഖ്യാനമാണ് വിക്കിലീക്സില്‍ ഉള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കണമെന്ന ബുദ്ധദേവിന്റെ ആവശ്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് വേണ്ടെന്നുവച്ചതാണെന്നും കാരാട്ട് വിശദീകരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖയുടെ അടിസ്ഥാനത്തിലാണു സി.പി.എം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് ഇതാവശ്യമാണ്. എന്നാല്‍ ചില മേഖലകളില്‍ വിദേശ നിക്ഷേപത്തോടുള്ള എതിര്‍പ്പിനു മാറ്റമില്ല. കോര്‍പറേറ്റ് കുത്തക സ്ഥാപനങ്ങള്‍ക്കു ബാങ്കുകള്‍ തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കരുത്. റീട്ടെയ്ല്‍, അച്ചടി മാധ്യമ മേഖലകളില്‍ വിദേശ നിക്ഷേപം അരുതെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. റീട്ടെയ്ല്‍ മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കും.
കാലഹരണപ്പെട്ട തത്വശാസ്ത്രമാണു ഇടതുപക്ഷത്തെ നയിക്കുന്നതെന്നു പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞെന്ന വെളിപ്പെടുത്തലിനോടും അദ്ദേഹം പ്രതികരിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.എം. അതിനാലാണു വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള നിലപാടുകളില്‍ മാറ്റം വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: