ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രാ സെന്‍ ഒപ്പിട്ട രാജിക്കത്ത് രാഷ്ട്രപതിക്ക് നല്കി. നേരത്തെ സെന്‍ തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തിരുന്നെങ്കിലും സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട യഥാര്‍ത്ഥ രാജിക്കത്ത് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ വീണ്ടും രാജിക്കത്ത് അയച്ചത്.
ഒരു അഭിഭാഷകനാണ് ജസ്റ്റിസ് സെന്നിന്റെ കത്ത് രാഷ്ട്രപതിക്ക് കൈമാറിയത്. രാഷ്ട്രപതി കത്ത് പരിശോധിക്കുകയാണെന്നും രാഷ്ട്രപതിഭവന് വക്താവ് അറിയിച്ചു. കത്ത് നിയമപ്രകാരമാണെന്നാണ് സൂചനകള്‍. രാഷ്ട്രപതി കത്ത് പരിശോധിച്ച ശേഷം നിയമവകുപ്പിന് കൈമാറും.
രാജിക്കത്ത് നല്കിയ സാഹചര്യത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോക്സഭയില്‍ നടത്താന്‍ നിശ്ചയിച്ച ഇംപീച്ച്മെന്റ് നടപടികള്‍ തുടരുമോ എന്ന കാര്യം വ്യക്തമല്ല. രാജി വച്ചതിനാല്‍ തിങ്കളാഴ്ച ലോക്സഭയിലേക്ക് പോകില്ലെന്നായിരുന്നു ജസ്റ്റിസ് സെന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജഡ്ജി ഹാജരാകാതെ വന്നാല്‍ സഭക്ക് ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോകാം.
സെന്നിനെതിരെയുള്ള കുറ്റവിചാരണാ പ്രമേയം ഓഗസ്റ്റ് 18 ന് രാജ്യസഭ പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: