തിരുവനന്തപുരം: രാജ്യത്താകെ ദേശീയ വികാരം അലയടിച്ച ചരിത്ര മുഹൂര്‍ത്തമായിരുന്നു അണ്ണാ ഹസാരെയുടെ സമരമെന്ന് പ്രശസ്ത സിനിമാതാരം അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ലോക കപ്പ് നേടിയപ്പോഴും മാത്രമേ സ്വതന്ത്രഭാരതത്തില്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒറ്റക്കെട്ടായ ദേശീയത ഉണര്ന്നിട്ടൂള്ളൂ. അഴിമതിക്കെതിരായ ജനങ്ങളുടെ വികാരപ്രകടനമായിരുന്നു ഹസാരെയുടെ സമരത്തിന് കിട്ടിയ പിന്തുണ, പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുപം ഖേര്‍.
താന്‍ അഭിനയിക്കുന്ന പ്രണയം എന്ന സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് അനുപംഖേര്‍ തലസ്ഥാനത്തെത്തിയത്.
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ‘പ്രണയ’മെന്നും മോഹന്‍ലാലിനൊപ്പമുള്ള അഭിനയം വിസ്മയകരമായ അനുഭവമായിരുന്നെന്നും അനുപംഖേര്പറഞ്ഞു. നല്ലൊരു സംവിധായകനും അഭിനിവേശമുള്ള നടനും ചേര്‍ന്നാല്‍ സിനിമയ്ക്ക് ഭാഷ പ്രശ്നമല്ല. ഒട്ടും ആയാസമില്ലാതുള്ള മോഹന്‍ലാലിന്റെ അഭിനയം വിസ്മയകരമാണ്. ലാല്‍ അപകടകാരിയായ നടനുമാണ്; ഒപ്പമുള്ള സീനുകളില്‍ ശ്രദ്ധിച്ച് അഭിനയിച്ചില്ലെങ്കില്‍ ലാല്‍ നമ്മെ നിഷ്പ്രഭനാക്കിക്കളയും. ഒരിക്കലും താന്‍ അഭിനയിക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കാതെയാണ് ലാലിന്റെ അഭിനയം. തങ്ങള്‍ രണ്ടാളും സമാന രീതികളുള്ള നടന്മാരാണ്. ‘പ്രണയ’ത്തിലെ കഥാപത്രമായി തന്നെ മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ബ്ലെസിക്കാണ്. സിനിമയുടെ രത്നച്ചുരുക്കം രണ്ടുപേജുകളിലാക്കി തനിക്ക് അയച്ചുതരികയാണ് ആദ്യം ചെയ്തത്. രണ്ടുപുറം വായിച്ച് എങ്ങനെ വിലയിരുത്തല്‍ നടത്തുമെന്ന് സംശയിച്ചു. പക്ഷേ ചോറ് പാകമായോ എന്നറിയാന്‍ മുഴുവന്‍ പരിശോധിക്കണ്ട, രണ്ട് അരിയെടുത്തുനോക്കിയാല് മതിയെന്ന തത്വമാണ് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്.
വെറും ഇരുപത് മിനിറ്റുകൊണ്ട് ചിത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിവരണം കേട്ടപ്പോള്‍തന്നെ താന്‍ ഈ സിനിമയുടെ ഭാഗമായി. തന്റെ സിനിമാ കരിയറില്‍ അപൂര്‍വ്വമായിമാത്രം സംഭവിക്കുന്ന രീതിയാണിത്. കവിത പോലെ സുന്ദരമായ സിനിമയാണിത്. വില്ലന്‍ വേഷങ്ങള്‍ വിട്ട് ഹാസ്യമടക്കമുള്ളവ ചെയ്യുന്നതില്‍ സന്തോഷിക്കുന്നുണ്ട് താന്‍. ജീവിതവുമായി ബന്ധമില്ലാത്ത, ദൂരെ നിന്നുള്ള കാഴ്ച്ചയില്‍തന്നെ വില്ലനാണെന്ന് തോന്നിക്കുന്നതരം വില്ലന്മാരാണ് ഹിന്ദി സിനിമകളില്‍ സ്ഥിരം. ഹാസ്യം അഭിനയിക്കുന്നതും ഏറെ സീരിയസായി കൈകാര്യം ചെയ്യേണ്ട കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: