നെടുമ്പാശ്ശേരി: ഏത് കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനായി റഡാര്‍ സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം എങ്ങുമെത്തിയില്ല. അത്യാധുനിക റഡാര്‍ സംവിധാനം നെടുമ്പാശ്ശേരിയില്‍ സ്ഥാപിക്കണമെന്ന് വളരെ നേരത്തെ നിര്‍ദ്ദേശമുള്ളതാണ്. ഡിജിസിഎ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്.
ഇതിനായി ചില നടപടികള്‍ തുടങ്ങിയെങ്കിലും എങ്ങുമെത്തിയല്ല. 40 കോടിരൂപ ചെലവിലാണ് അത്യാധുനിക റഡാര്‍ സംവിധാനം സ്ഥാപിക്കേണ്ടത്. ഇക്കാര്യത്തില്‍ കൊച്ചി വിമാനത്താവളകമ്പനിയും എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്ന് പറയപ്പെടുന്നു. റഡാര്‍ സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ചെലവ് ആര് വഹിക്കണമെന്നത് സംബന്ധിച്ചാണത്രെ തര്‍ക്കം നിലനില്‍ക്കുന്നത്.
ഇതുമൂലം അത്യാധുനിക റഡാര്‍ സംവിധാനം സ്ഥാപിക്കല്‍ എങ്ങുമെത്തിയില്ല. തര്‍ക്കം വര്‍ഷങ്ങളായി തുടരുകയും ചെയ്യുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും പലപ്പോഴും നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങുവാന്‍ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് റഡാര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ നടപ്പിലാക്കിയില്ലഎന്നുമാത്രം.
റഡാര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കമില്ലെന്നും ആറ് മാസത്തിനുള്ളില്‍ റഡാര്‍ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിയാല്‍ എംഡി വി.ജെ. കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: