പ്രതിപക്ഷ നേതാവ് എല്ലാ പ്രശ്നങ്ങളോടും പ്രതികൂലമായേ പ്രതികരിക്കാവൂ എന്ന തത്വം പരിപാലിക്കുന്ന വി.എസ്.അച്യുതാനന്ദന് ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഉയര്‍ത്തുന്ന തരംതാണ ആരോപണങ്ങള്‍ സ്വന്തം പാര്‍ട്ടിയെപ്പോലും പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉത്രാടം തിരുനാള്‍ സ്വര്‍ണം കട്ടുകടത്തുന്ന ആളാണെന്നും ശാന്തിക്കാരനെ വധിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ആദ്യ ആരോപണം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആജ്ഞ രാജകുടുംബാംഗങ്ങള്‍ കാലത്തിനൊത്ത പേര് സ്വീകരിക്കണമെന്നും നക്ഷത്രം കൂട്ടിച്ചേര്‍ത്ത് പേര് വിളിപ്പിക്കുന്നത് അടിമത്തം അടിച്ചേല്‍പ്പിക്കലാണെന്നും മറ്റുമാണ്. പേരിന് മുന്നില്‍ സഖാവ് എന്ന് ചേര്‍ക്കുന്നത് എന്ത് അടിമത്തമാണെന്ന് കെ.മുരളീധരന് എംഎല്‍എ മറുചോദ്യം ഉന്നയിക്കുന്നു.
വിമര്ശനാനന്ദനായ വി.എസ്.അച്യുതാനന്ദന് ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പത്മനാഭസ്വാമി ക്ഷേത്രത്തിന് ഗുരുവായൂര്‍ മോഡല്‍ ഭരണം കൊണ്ടുവരണമെന്നാണ്. ശതാബ്ദത്തിലേറെ തിരുവിതാംകൂര്‍ ഭരിച്ച രാജവംശം കളവ് നടത്തിയിരുന്നെങ്കില്‍ ഈ ക്ഷേത്രനിലവറകളില്‍ ഈ നിധി ഉണ്ടാവുമായിരുന്നില്ല എന്ന സാമാന്യ ബുദ്ധിപോലും ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്. ദേവസ്വംബോര്‍ഡ് ഭരിക്കുന്നത് രാഷ്ട്രീയ-സാമുദായിക കക്ഷികള്‍ തെരഞ്ഞെടുത്തവരാകുമ്പോള് അഴിമതിയുടെ പാത സുഗമമാകും. കേരളത്തില്‍ ശബരിമല ഉള്‍പ്പെടെ ഒരു ദേവസ്വംബോര്‍ഡും അഴിമതിവിമുക്തമല്ലെന്നും കോടികള്‍ വഴിപാടായിട്ടും കിലോക്കണക്കിന് സ്വര്‍ണം തുലാഭാരമായിട്ടും ലഭിക്കുന്ന ഗുരുവായൂരിലും ഈ നിലവറയിലെ നിധി എന്തുകൊണ്ടുണ്ടായില്ല എന്നുകൂടി പ്രതിപക്ഷനേതാവ് അന്വേഷിക്കേണ്ടതാണ്. ക്ഷേത്രസ്വത്ത് രാഷ്ട്രീയാധീനമായാല് അതിനെതിരെ മറ്റൊരു അണ്ണാ ഹസാരെ ഉദയം ചെയ്യേണ്ടിവരും. ഇത്രയും ദശകങ്ങള്‍ സുരക്ഷിതമായി നിലനിന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എങ്ങനെ സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ ആകാംക്ഷ. എന്തായാലും ഇതിലൊരു വിധി പറയാന്‍ സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നില്ലല്ലോ എന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: