ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒമ്പതിന് നടപ്പാക്കും. കേസില്‍ പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷയാണ് സെപ്തംബര്‍ ഒമ്പതിന് നടപ്പിലാക്കുക. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
പ്രതികള്‍ തടവില്‍ കഴിയുന്ന വെല്ലൂര്‍ ജയില്‍ സൂപ്രണ്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും സൂപ്രണ്ട് അറിയിച്ചു.
1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ബോംബാക്രമണം ആസൂത്രണംചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സ്ത്രീയെന്ന പരിഗണനയില്‍ നളിനിയുടെ വധശിക്ഷ കോടതി ജീവപര്യന്തമായി ഇളവുചെയ്യുകയായിരുന്നു.
2005 ജൂണ്‍ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുനരവലോകനത്തിനായി രാഷ്ട്രപതി ശുപാര്‍ശ മടക്കിയെങ്കിലും ഈവര്‍ഷം ഫെബ്രുവരി മാസത്തില്‍ ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിഭവന് ഫയല്‍ തിരിച്ചയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: