പാലക്കാട്: ആദിവാസി ഭൂമി കയ്യേറിയ സുസ്ലോണ്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് ഇരുമുന്നണികളും കൈക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കുറ്റപ്പെടുത്തി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ബിജെപി നേരിടും. ഇടതുസര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ.ബാലനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന റവന്യൂമന്ത്രിയുടെ പ്രസ്താവന രണ്ടുകൂട്ടരും ഒത്തുകളിക്കുന്നുവെന്നതിന്റെ സൂചനയാണ്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 29 ന് കാറ്റാടി കമ്പനിയിലേക്ക് മാര്‍ച്ച് നടത്തും.
അനധികൃത കയ്യേറ്റത്തിനെതിരെ ആദിവാസികളെയുംകൊണ്ട് ദല്‍ഹി യാത്ര സംഘടിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇത് കമ്പനിയുമായി വിലപേശാനുള്ള ഒരു തന്ത്രമായി ഉപയോഗിച്ചതിന് തെളിവാണ് ഇപ്പോഴുണ്ടാക്കിയിട്ടുള്ള കരാര്‍. ആദിവാസികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയതിന്റെ സ്ഥിരവരുമാനമെന്ന നിലയില്‍ ലാഭവിഹിതം നല്‍കുമെന്നാണ് പറയുന്നത്. പ്രതിപക്ഷത്തായിരിക്കെ ആദിവാസി ഭൂമി കാറ്റാടിക്കമ്പനിയില്നിന്ന് ഒഴിപ്പിക്കാന്‍ പ്രക്ഷോഭം നടത്തിയവരാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദിവാസികളുടെ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അപ്രസക്തമാക്കുന്നതാണ് മന്ത്രിസഭാ തീരുമാനം. വ്യാജരേഖ ചമച്ച് ഭൂമി കയ്യേറിയവരെ പരസ്യമായി സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ ഇതിലൂടെ കൈക്കൊണ്ടിട്ടുള്ളത്. മാത്രമല്ല സര്‍ക്കാര്‍ ഭൂമി കയ്യേറുകയും റിസോര്‍ട്ടുകളും മറ്റും സ്ഥാപിച്ചിട്ടുള്ളവരോടും ഇത്തരത്തിലുള്ള ഒരു സമീപനമാണോ സ്വീകരിക്കുകയെന്ന് മുരളീധരന് ചോദിച്ചു. സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കയ്യേറാം എന്നതാണ് ഇതിലൂടെ തെളിയുന്നത്.
ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയിട്ടുള്ള കരാറിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് ഇപ്പോള്‍ നടത്തുന്നത് അധരവ്യായാമമാണ്. അദ്ദേഹം ഭരണത്തിലിരിക്കെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: