ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന അണ്ണാ ഹസാരെയുടെ ആവശ്യത്തിന് രാംലീലാ മൈതാനിയില്‍ അദ്ദേഹം നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ പത്താംദിവസം കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി. ബില്ല് ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ വോട്ടിംഗ് നിര്‍ബന്ധമായ 184-ാം വകുപ്പ് പ്രകാരമാണോ വോട്ടിംഗില്ലാത്ത 193-ാം വകുപ്പനുസരിച്ചാണോ ചര്‍ച്ച നടക്കുകയെന്ന് വ്യക്തമല്ല. ബില്ലിന്റെ ചര്‍ച്ചക്കായി ശനിയാഴ്ചയും പാര്‍ലമെന്റ് സമ്മേളിക്കുമെന്നാണ് അറിയുന്നത്.
ജന്‍ലോക്പാല്‍ ബില്ലിന്റെ മൂന്ന് സുപ്രധാന വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ഉടന്‍ ചര്‍ച്ച ചെയ്യാതെ സത്യഗ്രഹം അവസാനിപ്പിക്കില്ലെന്ന് ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി മന്മോഹന്സിംഗിന് എഴുതിയ കത്തില്‍ ഹസാരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സത്യഗ്രഹം അവസാനിപ്പിച്ചാലും ബില്ലിന്റെ പൂര്‍ണ രൂപം വ്യക്തമാകാതെ സമരം നിര്‍ത്തില്ലെന്നും ഹസാരെ വ്യക്തമാക്കി. “ഞാന്‍ പ്രധാനമന്ത്രിക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ജന്‍ലോക്പാല്‍ ബില്ല് പാസാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്നുതന്നെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക. മൂന്ന് ആവശ്യങ്ങളാണ് ഞാന്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനെ പിന്തുണക്കുകയാണെങ്കില്‍ നിരാഹാരം അവസാനിപ്പിക്കുന്നത് ഞാന്‍ പരിഗണിക്കാം”, രാംലീലാ മൈതാനിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് ഹസാരെ പറഞ്ഞു.
നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രിയെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. “എന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ കഴിഞ്ഞ പത്തുദിവസം അദ്ദേഹത്തിന് ഈ ആശങ്കയുണ്ടായില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്,” ഹസാരെ പറഞ്ഞു.
പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തത് തന്റെ വ്യക്തിമഹത്വംകൊണ്ടല്ലെന്നും അത് നിങ്ങള്‍ കാരണമാണെന്നും സത്യഗ്രഹികളോട് ഹസാരെ പറഞ്ഞു. താന്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. എന്നാല്‍ സമരത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കണമെന്ന് ഹസാരെ സത്യഗ്രഹികളെ ആഹ്വാനം ചെയ്തു. “പാവങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യാതായിരിക്കുന്നു. ഇതിനൊരു മാറ്റം കൊണ്ടുവന്നേ തീരൂ. വളരെയധികം ആളുകള്‍ ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുമ്പോള്‍ ചിലര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നവരാണ്,” ഹസാരെ പറഞ്ഞു.
ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും ജന്‍ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നും ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഹസാരെ കത്തെഴുതിയത്. ഹസാരെയുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്രക്കാരനായ വിലാസ്റാവു ദേശ്മുഖുമായി പ്രധാനമന്ത്രി മന്മോഹന് ചര്‍ച്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി, പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരുമായും മന്മോഹന് കൂടിക്കാഴ്ച നടത്തി. ഇതേത്തുടര്‍ന്നാണ് ഹസാരെയുടെ ആവശ്യത്തിന് കീഴടങ്ങി ജന്‍ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
ഹസാരെ അയച്ച മറുപടിക്കത്തിന് പ്രധാനമന്ത്രിയുടെ പ്രതികരണം അറിഞ്ഞതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഹസാരെ സംഘത്തിലെ മനീഷ് സിസോഡിയ അറിയിച്ചു.
അണ്ണാ പ്രധാനമന്ത്രിക്ക് കത്തയച്ചുകഴിഞ്ഞു. ഇതിന്റെ മറുപടി ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ, അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയില്‍നിന്നുള്ള രാഷ്ട്രീയനേതാവുമായ വിലാസ്റാവു ദേശ്മുഖ് വഴിയാണ് ഹസാരെ കത്തയച്ചത്. സത്യഗ്രഹം പത്തുദിവസം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ദേശ്മുഖ് ഹസാരെയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
പ്രധാനമന്ത്രി പ്രസംഗം നടത്തിയതിന് പിന്നാലെ ലോക്സഭ ഒന്നടങ്കം ഹസാരെയോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹസാരെയുടെ ജീവന് വിലപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ലോക്സഭാംഗങ്ങള്‍ പറഞ്ഞു.
ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കണമെന്ന് ബിജെപി ഇന്നലെ ആവശ്യപ്പെട്ടു. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളടങ്ങിയ ലോക്പാല്‍ ബില്ലിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഹസാരെയുടെ ആരോഗ്യനില ദിനംപ്രതി വളഷായിക്കൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ശക്തമായ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ എത്രയും വേഗം ഒരു തീരുമാനമെടുക്കാനാകണം, ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ഓരോ ദിവസവും ലോക്പാല്‍ ബില്‍ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളെടുക്കുന്ന യുപിഎ സര്‍ക്കാര്‍ നടപടിയെ ഗഡ്കരി നിശിതമായി വിമര്‍ശിച്ചു. രാജ്യത്തെ ധരിപ്പിച്ചുവെച്ചിരിക്കുന്നതില്നിന്നും വിരുദ്ധമായ നിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന കാര്യം മനസിലാക്കാന്‍ വൈകി. സര്‍ക്കാരിനുള്ളില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളാണ് വിരുദ്ധ നിലപാടുകള്‍ക്ക് കാരണം, ഹസാരെക്കയച്ച കത്തില്‍ ഗഡ്കരി വ്യക്തമാക്കുന്നു.
ഇതിനിടെ, ടീം ഹസാരെയില്പ്പെടുന്ന അരവിന്ദ് കേജ്രിവാള്, പ്രശാന്ത് ഭൂഷണ്, കിരണ്‍ ബേദിഎന്നിവര് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുമായി ചര്‍ച്ച നടത്തി. അദ്വാനിയുടെ വസതിയിലെത്തിയാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ച് അദ്വാനിയുമായി ആശയവിനിമയം നടത്തിയെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: