ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബലിനും ചിദംബരത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള് രംഗത്തെത്തി. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കുന്നത് ഈ മന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു.
രാംലീലാ മൈതാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇരകളാണ് തങ്ങളെന്നും കെജ്രിവാള് പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഫലംകാണാതിരുന്നതിനെതുടര്ന്നാണ് അരവിന്ദ് കെജരിവാള്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
മൂന്ന് വിഷയങ്ങളിലാണ് ഹസാരെ സംഘവും സര്‍ക്കാറും ഇപ്പോഴും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. താഴെത്തട്ട് വരെയുള്ള ഉദ്യോഗസ്ഥരെ ലോക്പാലിന്റെ വ്യവസ്ഥയില്‍ കൊണ്ടുവരിക, പൊതുജനങ്ങള്‍ ഇടപെടുന്ന ഓരോ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശവ്യവസ്ഥകള് സംബന്ധിച്ച പത്രിക പ്രദര്‍ശിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത രൂപവത്കരിക്കുകയും അതിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യുക തുടങ്ങിയ ഹസാരെ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം ഫലശൂന്യമായെന്ന് പൗരസമൂഹപ്രതിനിധി അഡ്വ. ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അണ്ണാ ഹസാരെ സംഘവുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന പ്രചാരണം കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് നിഷേധിച്ചു. ചര്‍ച്ചയില്‍നിന്ന് പിന്മാറിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഹസാരെ സംഘത്തിന്റെ വിമര്‍ശനത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: