കൊച്ചി: കുത്തനെ വില കൂടി ആശങ്കപ്പെടുത്തിയ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 20,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 2500 രൂപയാണ്. ഇന്നലെ പവന് 20,800 രൂപയായിരുന്നു.
ആഗോള വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ആഗോളവിപണിയില്‍ ഔണ്‍സിനു നൂറു ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ ലാഭമെടുപ്പിനു മുതിര്‍ന്നതാണു വില ഇടിയാന്‍ കാരണം. ഔണ്‍സിന് 1754 ഡോളറിലാണു വ്യാപാരം നടക്കുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ 173 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഴു ശതമാനം തകര്‍ച്ചയാണ് സ്വര്‍ണവിപണിയില്‍ ഉണ്ടായത്. കോമെക്സ് മെറ്റല്‍ എക്സ്ചേഞ്ച് സ്വര്‍ണത്തിന്റെ മാര്‍ജിന്‍ മണി ഇന്നലെ വീണ്ടും ഉയര്‍ത്തി.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. മാര്‍ജിന്‍ മണി 27 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതാണു നിക്ഷേപകര്‍ ലാഭമെടുപ്പിനു മുതിരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: