ന്യൂഡല്‍ഹി : ലോക്പാല്‍ ബില്ലിന്റെ പുതിയ കരട് തയാറായി. അണ്ണാ ഹസാരെ സംഘവുമായി ആഭ്യന്തരമന്ത്രി പ്രണബ് മുഖര്‍ജി പുതിയ കരട് ചര്‍ച്ച ചെയ്യും. ഇന്നു നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഈ കരട് അവതരിപ്പിക്കും. ഇതിനു ശേഷമായിരിക്കും അണ്ണാ ഹസാരെ സംഘവുമായി ചര്‍ച്ച നടത്തുക. ഈ ചര്‍ച്ചയോടു കൂടി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം അവസാനിക്കുമെന്നാണു പ്രതീക്ഷ.
കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദുമായി ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് പുതിയ കരട് തയാറാക്കിയത്. ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് അരവിന്ദ് കെജരിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവരോടൊപ്പം സന്ദീപ് ദീക്ഷിത് എം.പിയും ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന് എറെ അടുപ്പമുള്ള പവന് ഖേരയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹസാരെ ഉന്നയിച്ച ചില ആവശ്യങ്ങള്‍ പുതിയ കരടില്‍ ഉള്‍ക്കൊള്ളിച്ചതായി സൂചന. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, സിബിഐയെയും സിവിസിയെയും ലോക്പാലിന്റെ അന്വേഷണ ഏജന്‍സികളാക്കി മാറ്റുക എന്നീ കാര്യങ്ങളില്‍ സമവായമായെന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലോക്പാല്‍ ബില്‍ പോലെ സംസ്ഥാനതലത്തിലും ലോകായുക്ത ബില്‍ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിരാഹാരസമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അന്നാ ഹസാരെ അറിയിച്ചു. മൂന്ന് കാര്യങ്ങളില്‍ സര്‍ക്കാരുമായി അഭിപ്രായസമന്വയത്തില്‍ എത്തിയിട്ടില്ലെന്നും ഹസാരെ പറഞ്ഞു. അതിനിടെ, അന്നാഹസാരെയുടെ ആരോഗ്യനില മോശമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: