ന്യൂദല്‍ഹി: അണ്ണാ ഹസാരെ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ര്വാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രശ്നം ചോദ്യോത്തരവേള നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
ലോക്പാല്‍ വിഷയത്തില്‍ ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിരവധി ജനങ്ങളാണ് തെരുവിലിറങ്ങി സമരം നടത്തുന്നത്. ഇതേതുടര്‍ന്നാണ് ഇരുസഭകളിലും ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. അഴിമതിക്കെതിരെ ശക്തമായ സമരമാണ് എല്ലായിടത്തും നടക്കുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
രാജ്യത്താകമാനം ഇപ്പോള്‍ പ്രതിഷേധം തുടരുകയാണ്. ഇത് യു.പി.എ സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ്. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യം കണ്ട പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന നോട്ടീസ് നല്‍കിയിരിക്കുന്നത്.
അഴിമതി വ്യാപകമാകുന്നു. ആദ്യം ടു.ജി സ്പെക്ട്രം അഴിമതി വന്നു. പിന്നെ ആദര്‍ശ് അഴിമതി തുടങ്ങി നിരവധി അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. ഇതാണ് ജനങ്ങളെ അഴിമതിക്കെതിരെ തെരുവിലേക്ക് ഇറക്കുന്നതെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
സുഷമാ സ്വരാജ് നല്കിയ നോട്ടീസുമായി ബന്ധമുള്ള വിഷയമല്ല അവര്‍ സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററികാര്യ മന്ത്രി പവന് കുമാര്‍ ബന്‍സല്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇതോടെ സഭയില്‍ ബഹളം ആരംഭിക്കുകയായിരുന്നു. ചട്ടം 193 പ്രകാരം ചര്‍ച്ച നടത്താമെന്ന് ലോക്സഭയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചെങ്കിലും ഡി.എം.കെ അംഗങ്ങള്‍ ശ്രീലങ്കന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ബഹളുമുണ്ടാക്കി. ഇത് കാരണം ഒരു നടപടിയും ലോക് സഭയില്‍ നടന്നില്ല.
ആദ്യം 12 മണിവരെ നിര്‍ത്തിവച്ച സഭ പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. ഇതോടെ രണ്ട് മണി വരെ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. രാജ്യസഭയിലും ബഹളം കാരണം 12 മണിക്ക് തന്നെ സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് അധ്യക്ഷന്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: