തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അന്നാ ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാര സമരം തുടങ്ങി. ലോക്പാല്‍ ബില്ല് നടപ്പാകാതെ രാംലീല മൈതാനത്തെ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ന് രാവിലെ 11.40ഓടെയാണ് ഹസാരെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്ത് വന്നത്. ജയില്‍ പരിസരത്ത് കാത്തു നിന്ന ആയിരക്കണക്കിന് വരുന്ന അനുയായികളെ ഹസാരെ അഭിവാദ്യം ചെയ്ത ഹസാരെ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യം നേടി 64 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പൂര്‍ണ സ്വാതന്ത്ര്യം അകലെയാണ്. ഇപ്പോള്‍ രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിച്ചു കഴിഞ്ഞു. അഴിമതിക്കെതിരെയും ജനലോക്പാല്‍ ബില്ലിനെതിരെയും ഉള്ള പോരാട്ടം തുടരണം. ഞാന്‍ ജീവിച്ചിരുന്നാലും മരിച്ചാലും നിങ്ങള്‍ ഈ പോരാട്ടം തുടരണമെന്നും അണ്ണാ ഹസാരെ പറഞ്ഞു. എന്റെ സമരം വ്യക്തികള്‍ക്ക് എതിരായല്ല. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെയാണ്.
1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യ സമരം അതിനും മുമ്പ് തുടങ്ങിയതാണ്. അതുപോലെ അഴിമതിക്കെതിരായി നടത്തുന്ന സമരം ഒരു സുദീര്‍ഘമായ ഒന്നാണ്. ആ സമരത്തിന്റെ അവസാനം എത്തുന്നതിന് ചിലപ്പോള്‍ ഒരുപാട് സമയമെടുത്തേക്കും- ഹസാരെ പറഞ്ഞു. പിന്നീട് മായാപുരിയിലേക്ക് തുറന്ന ട്രക്കില്‍ പ്രകടനമായി പോയ അണ്ണാ ഹസാരെ തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചു. അതിന് ശേഷം അമര്‍ജവാന്‍ ജ്യോതിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം രാംലീലാ മൈതാനിയില്‍ എത്തിയത്.
രാഷ്ട്രത്തെ കട്ടുമുടിക്കുന്നവര്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്ന് ഹസാരെ പറഞ്ഞു. യുവാക്കളുടെ വമ്പിച്ച പിന്തുണ തനിക്ക് ശക്തി പകരുന്നു. ഇത് കേവലം ലോക്പാല്‍ ബില്ലിനായുള്ള സമരമല്ല, രാജ്യത്തിന്റെ സമഗ്ര മാറ്റത്തിനുള്ള സമരമാണെന്നും ഹസാരെ പറഞ്ഞു. ലോക്പാല്‍ ബില്ല് പാസാകുന്നതുവരെ താന്‍ രാംലീലാ മൈതാനം വിട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് രാംലീല മൈതാനി പരിസരത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെയും കൂസാതെ ആയിരക്കണക്കിന് പേരാണ് രാംലീല മൈതാനത്ത് ഹസാരെയ്ക്ക് പിന്തുണയുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: