തൃശൂര്‍ : രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശക്തന് തമ്പുരാന് വെട്ടിത്തെളിയിച്ച തേക്കിന്‍കാട് മൈതാനം 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവാന് ആര്.കെ ഷണ്‍മുഖംഷെട്ടിയുടെ കാലത്തായിരുന്നു ഇന്നു കാണുന്ന വിധം ആസൂത്രണം ചെയ്ത് സംരക്ഷിച്ചത്. ക്ഷേത്രത്തിന് ചുറ്റിലുമായി സംരക്ഷിക്കപ്പെട്ടിരുന്ന മനോഹര മൈതാനം 60-കളില്‍ വെട്ടിമുറിച്ച് നെഹ്റുപാര്‍ക്ക് സ്ഥാപിച്ചതോടെയായിരുന്നു മൈതാന സൗന്ദര്യത്തിനുമേല്‍ ആദ്യ കോടാലി വീണത്. തെക്കുഭാഗത്ത് ലോറി-ടാക്സി പേട്ടകള്‍ വന്നതും അക്കാലത്തുതന്നെയായിരുന്നു. അതൊരു വ്യാപാരതാല്‍പര്യത്തിന്റെ ആവശ്യമായുണ്ടായതാണ്. തുടര്‍ന്ന് മൈതാനും ആര്‍ക്കും നിയന്ത്രണമില്ലാത്തവിധം അനാഥമാകുന്ന അവസ്ഥയാണുണ്ടായത്. മൈതാനും മുഴുവന്‍ ലോറികളുടേയും കാറുകളുടേയും ബസ്സുകളുടേയും പാര്‍ക്കിംഗ് സ്ഥലമായി. മൈതാനം നിറയെ കയ്യേറ്റ കച്ചവടം നിറഞ്ഞു. ഉന്തുവണ്ടി കച്ചവടങ്ങളും ബസ്സുകളില്‍ കച്ചവടങ്ങളും വേറെ. നൂറുകണക്കിന് കുടിലുകളും മൈതാനത്ത് ഉയര്‍ന്നു. മൈതാനത്ത് ഷോപ്പിംഗ് സെന്ററുകള്‍ പണിയാന്‍ പലരും പല തലത്തില്‍ സ്വപ്നങ്ങള്‍ നെയ്തു. സ്വരാജ് റൗണ്ടിനഭിമുഖമായി ചുറ്റിലും ഒരു നിര വ്യാപാര സൗകര്യമൊരുക്കാന്‍ പദ്ധതിയുണ്ടായി. മൈതാനത്ത് ദെല്‍ഹിയിലെ പാലികാ ബസാര്‍ മാതൃകയായിരുന്നു ചിലരുടെ സ്വപ്നം. പ്രഗതി മൈതാനം പോലെ സ്ഥിരം പ്രദര്‍ശനകേന്ദ്രവും ചിലര്‍ സ്വപ്നം കണ്ടു. പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ടായതാണ്.
72-ല്‍ പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ലാനും തുടര്‍ന്നുണ്ടായ തേക്കിന്‍കാട് ഡി.ടി.പി സ്കീമും മൈതാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കിയെങ്കിലും മൈതാനത്ത് നിന്നും സ്ഥലമെടുത്ത് സ്വരാജ് റൗണ്ട് വീതി ഇരട്ടിപ്പിക്കാനും ധാരാളമായി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ടാക്കാനുമുള്ള പദ്ധതി നിര്‍ദ്ദേശം തേക്കിന്‍കാടിന് ഭീഷണിയായി. സ്വരാജ് റൗണ്ടില്‍ പല കെട്ടിടങ്ങള്‍ക്കും സര്‍ക്കാരില്‍ നിന്നും നിര്‍മ്മാണാനുമതി സമ്പാദിച്ചത് തേക്കിന്‍കാട്ടിലെ പാര്‍ക്കിംഗ് സ്ഥലം ചൂണ്ടിക്കാട്ടിയായിരുന്നു.
മൈതാനമാകട്ടെ കഞ്ചാവ് മാഫിയയുടേയും സാമൂഹ്യവിരുദ്ധരുടേയും തെരുവ് വേശ്യകളുടേയും കേന്ദ്രമായി. ആറടിയോളം ഉയര്‍ന്നുനിന്നിരുന്ന പുല്ലുകള്‍ ജനജീവിതത്തിന് ഭീഷണിയായി. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കുംവരെ വഴിനടക്കാന്‍ പോലും ഭീതിയായി. മൈതാനം അന്യാധീനപ്പെട്ട അവസ്ഥയിലായിരുന്നു. 83-ല്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ പിന്തുണയോടെ തേക്കിന്‍കാട് സൗന്ദര്യവത്ക്കരണ പദ്ധതിക്ക് തുടക്കമായി. 85-ല്‍ വിനോദ്റായ് കളക്ടറും മുന്‍സിപ്പല്‍ ചെയര്‍മാനുമായതോടെ മൈതാനത്തിന് ശുക്രദശയായി. വണ്ടിക്കാരില്‍ നിന്നും സാമൂഹ്യവിരുദ്ധരില്‍ നിന്നും മൈതാനം വീണ്ടെടുത്ത് നഗരത്തിന് സമ്മാനിച്ചത് വിനോദ് റായ് ആയിരുന്നു. ജനങ്ങള്‍ക്ക് അതൊരു ആവേശകരമായ അനുഭവമായിരുന്നു. സ്വരാജ് റൗണ്ടിലെ ഇന്നര്‍ ഫുട്പാത്ത് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലായിരുന്നു. ഫുട്പാത്തിന്റെ വീതി 6 മീറ്ററില്‍നിന്നും രണ്ടര മീറ്ററായി ചുരുക്കാനും റൗണ്ട് മൂന്നരമീറ്റര്‍ വീതികൂട്ടാനും സ്ഥലം ബോര്‍ഡ് നഗരസഭയ്ക്ക് നല്‍കിയത് നഗരസഭയുടെ കൈവശമായിരുന്ന വണ്ടിപ്പേട്ട സ്ഥലങ്ങള്‍ ബോര്‍ഡിന് തിരിച്ചുനല്‍കിയതിന് പകരമായിരുന്നു റൗണ്ടില്‍ വന്റോഡ് വികസനവും ഇത് സാധ്യമാക്കി.
വീണ്ടും വടക്കുന്നാഥ ക്ഷേത്രമൈതാനം പാര്‍ക്കിങ്ങിനായി വിട്ടുകൊടുക്കുവാനുള്ള നീക്കം ഉണ്ടായതോടെ ഭക്തജനപ്രതിഷേധം ഉടന്‍ പ്രതിഫലിച്ചതാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിനെ ഈ നീക്കത്തില്‍ നിന്ന് പിന്മാറാന് പ്രേരിപ്പിച്ചിട്ടുള്ളത്. പാറമേക്കാവ്-തിരുവമ്പാടി-വടക്കുന്നാഥന് ക്ഷേത്രസമിതിയുടെ നിലപാടുകളും ഇതാണ് വ്യക്തമാക്കുന്നത്.
വടക്കുന്നാഥ ക്ഷേത്രമൈതാനിയുടെ സമീപകാലചരിത്രം അറിയാവുന്നവരാരും മൈതാനം അന്യാധീനപ്പെട്ട ഒരവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കില്ല. മാറിമാറി വരുന്ന ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ വികലമായ കാഴ്ചപ്പാടുകളാണ് തേക്കിന്‍കാടിനെചൊല്ലിയുള്ള ഇത്തരം ചര്‍ച്ചകള്‍ക്ക് പലപ്പോഴും കാരണമാക്കുന്നത്. മൈതാനത്ത് കുറച്ചു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം നല്കിയാല് അതിലെന്താണ് പ്രശ്നമെന്ന് ആര്‍ക്കും പെട്ടെന്നു തോന്നാം. ഇങ്ങനെയൊരാവശ്യം പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുള്ളതുമാണ്. എന്നാല്‍ തേക്കിന്‍കാടിന്റെ ചരിത്രവും അനുഭവങ്ങളും സംരക്ഷണത്തിന് വേണ്ടിവന്ന പോരാട്ടങ്ങളും അറിഞ്ഞാലേ അതിനകത്ത് ഒളിഞ്ഞുകിടക്കുന്ന ആപത്ത് ബോധ്യമാകൂ.
വി.വി.രാഘവന്റെ എം.പി. ഫണ്ടുപയോഗിച്ച് സ്വാതന്ത്ര്യസമരസ്തൂപനിര്‍മ്മാണംപോലും തടയുകയും ഒരുവിധ കോണ്‍ക്രീറ്റ് നിര്‍മ്മാണവും മൈതാനത്തുണ്ടാകരുതെന്നുമുള്ള ഹൈക്കോടതി ശാസന നിലനില്‍ക്കേയായിരുന്നു ഈ നിയമവിരുദ്ധനിര്‍മ്മാണം. നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ നടപടിയുണ്ടാകുമെന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് നമ്പി രാജന് ഈയിടെ പരസ്യപ്രസ്താവന ഇറക്കിയെങ്കിലും ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല.
തേക്കിന്‍കാട്ടിലെ അടുത്ത നിയമവിരുദ്ധനിര്‍മ്മാണം മേയര്‍ ബിന്ദുവിന്റെ വകയായിരുന്നു. കോര്പ്പറേഷന് കൗണ്‍സില്‍ പാസ്സാക്കിയ സ്കീം വ്യവസ്ഥകളും ഹൈക്കോടതി വിധിയും നഗ്നമായി ലംഘിച്ചായിരുന്നു നെഹ്രുപാര്‍ക്കിന് കൂറ്റന്‍കവാടം നിര്‍മ്മിച്ചത്. ഇതൊരു പുതിയ നിര്‍മ്മാണമല്ലെന്നും സ്ഥലത്തുണ്ടായിരുന്ന ആര്‍ച്ച് കവാടം തകര്‍ന്നുവീണത് പാര്‍ക്കിന്റെ സുരക്ഷ മുന്‍നിറുത്തി നവീകരിച്ചതാണെന്നും കളവായ സത്യവാങ്മൂലം നല്കി കോര്പ്പറേഷന് ഹൈക്കോടതിയുടെ അനുമതി സമ്പാദിക്കുകയും ചെയ്തു. ഇവിടെ കവാടമെന്നല്ല ഗേറ്റ് പോലുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തേക്കിന്‍കാട് മൈതാനം കയ്യേറി നിയമവിരുദ്ധമായ കവാടനിര്‍മ്മാണത്തിനെതിരെ ആദ്യമൊക്കെ ശക്തവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട് ടി.ജി.രവിയാകട്ടെ, പിന്നീട് ബിന്ദുവുമായി ഒത്തുകളിച്ച് തികച്ചും വഞ്ചനാപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. പ്രശ്നം സി.പി.എമ്മിന്റെ പ്രസ്റ്റീജ് പ്രശ്നമാക്കി രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. തേക്കിന്‍കാട് കയ്യേറിയുള്ള നിയമവിരുദ്ധനിര്‍മ്മാണമാണെന്ന് തെളിയുന്ന രേഖകള്‍പോലും ബോര്‍ഡ് ഫയലില്‍നിന്നും കീറിക്കളഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. നിയമവിരുദ്ധനിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയിട്ടും ഓംബുഡ്സ്മാനും ഒന്നും ചെയ്യാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: