കൊച്ചി: ഡിസല്‍ വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്നാടും കേരളവും ഉള്‍പ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു. സമരം കേരളത്തിലെ വിപണിയെ സാരമായി ബാധിച്ചേക്കും.
കേരളത്തിലെ ലോറികള്‍ സംസ്ഥാനത്തിന് അകത്ത് പണിമുടക്കില്ല. എന്നാല്‍ അന്യസംസ്ഥാന ലോറികള്‍ പണിമുടക്കുന്നത് ചരക്ക് നീക്കത്തെ ബാധിച്ചേക്കും. സമരം നീളുകയാണെങ്കില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും. പണിമുടക്കിന്റെ ആദ്യദിനം കേരളത്തിലെ വിപണികളില്‍ കാര്യമായ വില വര്‍ദ്ധന ഉണ്ടായിട്ടില്ല. കമ്പോളങ്ങളില്‍ പച്ചക്കറികളുടെ വില കഴിഞ്ഞ ആഴ്ചത്തേക്കാള്‍ കുറവാണ് ഇപ്പോഴുള്ളത്.
ഓണത്തിന് മുമ്പ് പൊതുവേ പച്ചക്കറി വില കുറയാറുണ്ട്. ഓണം അടുക്കുന്നതോടെ ആവശ്യക്കാര്‍ കൂടുകയും വില കൂടുകയുമാണ് പതിവ്. എന്നാല്‍ പഴത്തിനും പച്ചക്കറിക്കും അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും മൊത്തമായി കേരളം ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. സമരം തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പച്ചക്കറികളില്‍ വില വര്‍ദ്ധനവ് പ്രതിഫലിച്ചേക്കാം.
അതേസമം സമരം മുന്നില്‍ കണ്ട് അടുത്ത രണ്ടാഴ്ചത്തേയ്ക്കുള്ള അരിയും പല വ്യഞ്ജനവും കടകളില്‍ മിക്കവയിലും സംഭരിച്ചിട്ടുള്ളതിനാല്‍ ഉടന്‍ വില കൂടില്ലെന്നാണ് കരുതുന്നത്. ഡീസല്‍ വില കുറയ്ക്കുക, ടോള്‍ നിരക്കില്‍ ഇളവ് നല്‍കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ആറായിരം രൂപയില്‍ നിന്ന് പതിനായിരമാക്കി ഉയര്‍ത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: