രാജ്യവ്യാപകമായ അഴിമതിക്കെതിരെ രൂപപ്പെട്ടിരിക്കുന്ന ശതലക്ഷങ്ങളുടെ വികാരമോ അതിെന്‍ വക്താവായ അണ്ണാ ഹസാരെയുടെ പിന്നില്‍ അണിനിരന്നേക്കാവുന്ന അനേകായിരം ജനങ്ങളേയോ പരിഗണിക്കാതെ തികച്ചും ധാര്‍ഷ്ട്യപൂര്‍വം സമാധാനപരമായി മരണംവരെ സത്യഗ്രഹം ഇരിക്കുവന് തുനിഞ്ഞ അണ്ണാ ഹസാരെയുടെ അറസ്റ്റിനുശേഷം ഇപ്പോള്‍ മുട്ടുമടക്കി ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കുവാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അണ്ണാ ഹസാരെ സ്വന്തം ഗ്രാമത്തില്‍ ഗ്രാമീണ ജലസേചന മാതൃക സ്ഥാപിക്കാനും മഹാരാഷ്ട്രയില്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിനുവേണ്ടിയും ഗാന്ധിയന്‍ രീതിയില്‍ സമരം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തെ തിഹാറില്‍ അഴിമതിക്കാരനായ സുരേഷ് കല്‍മാഡിക്കും ശരത് കുമാറിനും ഒപ്പമാണ് നാലാം നമ്പര്‍ ജയിലില്‍ അടച്ചത്. അറസ്റ്റിന് ന്യായീകരിച്ച് പ്രധാനമന്ത്രി പറഞ്ഞത് 144-ാം വകുപ്പ് ലംഘിക്കാന്‍ പോയ ഹസാരെയെ അറസ്റ്റ് ചെയ്യുകയല്ലാതെ പോലീസിന് മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നാണ്. പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള പൗരാവകാശം ഭരണഘടന നല്‍കിയിരിക്കെ സമരം മൂന്നുദിവസം, അനുയായികള്‍ 5000 പേര് മുതലായ പോലീസ് വ്യവസ്ഥകള്‍ അനുസരിക്കാന്‍ വിസ്സമ്മതിച്ചതാണ് ഹസാരെയെ അറസ്റ്റ് ചെയ്യാന്‍ കാരണം.
അണ്ണാ ഹസാരെ ഒരുകോടി ജനങ്ങളുടെ ശബ്ദമാണെന്ന വിചാരം തിരുത്തണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനപ്രതിനിധികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് പറഞ്ഞത്. ഇതിനെ ജനാധിപത്യത്തിന്റെ കൊലപാതകമായിട്ട് വിശേഷിപ്പിച്ച രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലി ജനങ്ങളുടെ പ്രതിഷേധം അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രസിക്കും എതിരെയാണെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ഇവരെ സംരക്ഷിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടി. പോലീസ് കാക്കിയുടെ മറവില്‍ അഭയം തേടുന്ന പ്രധാനമന്ത്രിക്ക് അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കാനുള്ള ഇഛാശക്തിയോ കഴിവോ ഇല്ല എന്നാണ് തെളിയിക്കുന്നത്. സമരം ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിരിക്കെ, ഭരണഘടനയ്ക്കുമേല്‍ പാര്‍ലമെന്റിനാണ് സര്‍വാധികാരം എന്ന് സ്ഥാപിക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ജനങ്ങള്‍ അണിനിരന്നത് തിഹാര്‍ ജയിലിന് മുമ്പിലും 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച ജെപി പാര്‍ക്കിന്റെ മുന്നിലും ഛന്ദ്രസാല്‍ സ്റ്റേഡിയത്തിലും മാത്രമല്ല രാജ്യത്തെമ്പാടും ജനങ്ങള്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓഫീസും കോളേജും വിട്ട് നിരത്തിലിറങ്ങി. ഈ വികാരവിക്ഷോഭം തെളിയിക്കുന്നത് ഇന്ത്യയില്‍ രൂഢമൂലമായിരിക്കുന്ന അഴിമതിവിരുദ്ധ വികാരമാണ്. അഴിമതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ചെങ്കോട്ടയില്‍നിന്ന് വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് ഈ അഴിമതിവിരുദ്ധ വികാരത്തിന്റെ പ്രതിരൂപമായ അണ്ണാ ഹസാരെയെ ജയിലിലടച്ചത്.
ബ്രിട്ടീഷുകാര്‍പോലും ഇന്ത്യയിലെടുക്കാത്ത ഈ നടപടിയെ വിമര്‍ശിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞത് ഭാരതം ജയിലില്‍ അടയ്ക്കപ്പെട്ടുവെന്നാണ്. ഗാന്ധിയന്‍ മാതൃകയില്‍, യാതൊരു അക്രമത്തിനും തുനിയാതെ സമരം നടത്താന്‍ ശ്രമിച്ച അണ്ണാ ഹസാരെയെ പൗരാവകാശം നിഷേധിച്ച് തടവിലടച്ചപ്പോള്‍ ഇന്ത്യയെയാണ് കസ്റ്റഡിയിലെടുത്തത്. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ അധികാരമെന്ന് പറയുമ്പോഴും 40 ശതമാനം ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന കാര്യം വിസ്മരിക്കാനാകില്ല. സ്വന്തം അലവന്‍സ് വര്‍ധിപ്പിക്കുന്നതിന് കാണിക്കുന്ന പ്രതിബദ്ധത സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പോലും കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ ജനക്ഷേമത്തിനുതകുന്ന നടപടികളോട് കാണിക്കാറില്ല. മറ്റൊരു കാര്യം ഇപ്പോള്‍ രൂപീകൃതമായിരിക്കുന്ന ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെയും ബ്യൂറോക്രസിയെയും ഉന്നത ജുഡീഷ്യറിയെയും പാര്‍ലമെന്റംഗങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. കൊടികുത്തി വാഴുന്ന അഴിമതിയില്‍ ഇന്ത്യയൊട്ടാകെ പ്രക്ഷുബ്ധമാണ്. വിദേശനിക്ഷേപം തിരിച്ചുപിടിക്കാനോ, പേരുവിവരം വെളിപ്പെടുത്താനോ വിസ്സമ്മതിക്കുന്ന യുപിഎ പ്രതിനിധികള്‍ കള്ളപ്പണക്കാരായ രാഷ്ട്രീയ കോര്‍പ്പറേറ്റ് ഉന്നതരെ സംരക്ഷിക്കാന്‍ പ്രതിബദ്ധത കാണിക്കുകയാണ്.
ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ സമാധാനപരമായി സമരം ചെയ്ത ഗാന്ധിയും ഇന്നാണെങ്കില്‍ അറസ്റ്റിലാകുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണ്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ തിരിച്ചുവരുന്നുവെന്ന ഭീതി ജനിപ്പിച്ചത് അണ്ണാ ഹസാരെയോ ടീം ഹസാരെയോ അല്ല, മറിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ്. ഇതിനെ ന്യായീകരിക്കുന്നത് അണ്ണാ ഹസാരെ അരാഷ്ട്രീയവല്‍ക്കരണം കൊണ്ടുവരുന്നുവെന്ന പരിഹാസ്യമായ ബദല്‍ പ്രചാരണവുമായിട്ടാണ്. അണ്ണാ ഹസാരെ നയിക്കുന്ന സമാധാനപരമായ അഴിമതിവിരുദ്ധ സമരത്തിനെതിരെ മന്മോഹന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഗോളതലത്തില്‍ ഇന്ത്യ അഴിമതിയുടെ കേന്ദ്രമാണ് എന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ചു. മന്മോഹന് സര്‍ക്കാര്‍ സ്വേഛാധിപത്യ സര്‍ക്കാരാണെന്ന് വന്നതോടെ യുപിഎയുടെ പ്രതിഛായ ആഗോളതലത്തില്‍ തകര്‍ക്കാന്‍ മാത്രമാണ് ഉപകരിച്ചത്. ഏത് അഴിമതിയോടും അനാചാരങ്ങളോടും ക്രിമിനല്‍വല്‍ക്കരണത്തോടും നിസ്സംഗത പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ ജനതയെ പ്രതികരണത്തിന്റെ പാതയിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ് അണ്ണാ ഹസാരെയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: