ന്യൂദല്‍ഹി: ജസ്റ്റിസ് സൗമിത്രാ സെന്നിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ രാജ്യസഭയില്‍ തുടങ്ങി. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സൗമിത്ര സെന്‍ രാജ്യസഭയില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്.
സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്മാന് ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ആരുടെ പരാതിയിന്മേലാണ് മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് തനിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് സൗമിത്ര സെന്‍ ചോദിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ 50 ലക്ഷം രൂപ കൈക്കൂലി കൊണ്ടുപോയതിനെക്കുറിച്ച് സി.ബി.ഐ ആവശ്യപ്പെട്ടിട്ടും ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അന്വേഷണം നടത്തിയില്ലെന്നും സൗമിത്ര സെന്‍ ആരോപിച്ചു.
താന്‍ പണം സ്വീകരിച്ചത് നിയമാനുസൃതമാണെന്നും സെന്‍ വ്യക്തമാക്കി. തനിക്ക് നീതി ലഭിച്ചില്ലെന്നും നിക്ഷേപത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ യാതൊരു ആരോപണവുമുന്നയിക്കുന്നില്ലെന്നും സെന്‍ പറഞ്ഞു. ജുഡീഷ്യറി കുറ്റവിമുക്തനാക്കിയ തന്നെ വീണ്ടും വിചാരണ ചെയ്യുന്നതെന്തിന് എന്നും സെന്‍ ചോദിച്ചു. ഒരിക്കലും കൈക്കൂലി വാങ്ങുകയോ പദവികള്‍ ദുരുപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ അഭിഭാഷകനായിരിക്കെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിസീവറായി ചുമതലയേറ്റ സൗമിത്ര സെന്‍ പണം തിരിമറി നടത്തിയെന്നായിരുന്നു കേസ്. സുപ്രീംകോടതിയിലെ ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡി അധ്യക്ഷനും പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍, പ്രമുഖ അഭിഭാഷകന് ഫാലി എസ്. നരിമാന് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് സെന്നിനെതിരായ പരാതി അന്വേഷിച്ചത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സെന്നിനെതിരായ നടപടിയെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുമെന്നാണ് സൂചന. ഇംപീച്ച്മെന്റ് പ്രമേയം പാസായാല്‍ ചരിത്രത്തില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ ന്യായാധിപനുമാകും സൗമിത്രാ സെന്‍. രാജ്യസഭയില്‍ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: