Categories: Business

അപ്പോളോ ടയേഴ്സ്‌ കുതിപ്പിലേയ്‌ക്ക്‌

Published by

കൊച്ചി: അപ്പോളോ ടയേഴ്സ്‌ വന്‍ വികസന കുതിപ്പിന്‌ തയ്യാറെടുക്കുകയാണ്‌. അപ്പോളോ ടയേഴ്സ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറും ചെയര്‍മാനുമായ ഓന്‍കാര്‍ എസ്‌.കന്‍വര്‍ പറഞ്ഞു. 2005 ല്‍ തുടങ്ങിയ വികസന കുതിപ്പില്‍ ടയര്‍ നിര്‍മാണ വില്‍പ്പന രംഗങ്ങളില്‍ ഏറെ നേട്ടമാണുണ്ടായത്‌. അടുത്ത പത്ത്‌ വര്‍ഷത്തിനകം ലോകത്തെ 10 മുന്‍നിര കമ്പനികളിലൊന്നായി മാറ്റുവാനാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2011-12 സാമ്പത്തിക വര്‍ഷം 500 കോടി രൂപയുടെ നിക്ഷേപമാണ്‌ അപ്പോളോ ടയേഴ്സ്‌ നടത്തുക. ഇതില്‍ 40 കോടി രൂപ കേരളത്തിലെ യൂണിറ്റ്‌ വികസനത്തിനായിരിക്കും. 60 കോടി രൂപ യൂറോപ്യന്‍ യൂണിറ്റിന്റെ വികസനത്തിനായും ചെലവഴിക്കും.

ടയര്‍ നിര്‍മാണ രംഗത്ത്‌ അപ്പോളോ ടയേഴ്സിന്റെ വിഹിതം വര്‍ധിച്ചുവരികയാണ്‌. എന്നാല്‍ പ്രധാന അസംസ്കൃത വസ്തുവായ പ്രകൃതിദത്ത റബറിന്റെ ലഭ്യതക്കുറവ്‌ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.കൂടാതെ വൈദ്യുതി അടക്കമുള്ള ഇതര മേഖലയിലും ലഭ്യത കുറവ്‌ നേരിടുന്നുണ്ട്‌. റബര്‍ ലഭ്യത ഉറപ്പാക്കുന്നതിനും സുഗമമാക്കുന്നതിനുമായി അപ്പോളോ ടയേഴ്സ്‌. തെക്ക്‌ കിഴക്കന്‍ ഏഷ്യയിലെ ലോയ്സില്‍ 10,000 ഹെക്ടര്‍ ഭൂമി പാട്ടത്തിന്‌ എടുത്ത്‌ റബര്‍ നട്ടുപിടിപ്പിക്കുകയാണ്‌. ഏഴ്‌ വര്‍ഷത്തിനകം ഇതില്‍നിന്ന്‌ റബര്‍ ലഭ്യതയുണ്ടാകുമെന്ന്‌ കന്‍വര്‍ ഇന്ത്യയില്‍ നിലവില്‍ രണ്ടുലക്ഷം ടണ്‍ റബറിന്റെ ലഭ്യത കുറവുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ തീരുവ ഒഴിവാക്കിയുള്ള ഇറക്കുമതി അനുവദിക്കണം. ഒപ്പം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഏരിയയില്‍ റബര്‍ കൃഷി വ്യാപനത്തിന്‌ തയ്യാറാകണം. 1976 ല്‍ തുടങ്ങിയ അപ്പോളൊ ടയേഴ്സിന്‌ ഇന്ന്‌ ഇന്ത്യയിലും യൂറോപ്പിലും സൗത്ത്‌ ആഫ്രിക്കയിലുമായി കാര്യശേഷിയുള്ള ടയര്‍ നിര്‍മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഇന്ത്യയില്‍ പ്രതിദിനം 1050 ടണ്ണും യൂറോപ്പില്‍ 165 ടണ്ണും സൗത്ത്‌ ആഫ്രിക്കയില്‍ 180 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള പ്ലാന്റുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ പ്രതിദിനം 1550 ടണ്‍ ശേഷിയാക്കി വര്‍ധിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അപ്പോളോ ടയേഴ്സിന്റെ വിപണി വിഹിതത്തില്‍ 62 ശതമാനം ഇന്ത്യയുടേതും 25 ശതമാനം യൂറോപ്പിന്റേതും 13 ശതമാനം സൗത്ത്‌ ആഫ്രിക്കയുടേതുമാണ്‌. 70 ല്‍ ഏറെ രാജ്യങ്ങളിലേയ്‌ക്ക്‌ ടയര്‍ കയറ്റുമതി നടത്തുന്ന അപ്പോളോ ടയേഴ്സ്‌ ഇന്ന്‌ ഒന്നാം നിരയിലാണ്‌. 2004-05 സാമ്പത്തിക വര്‍ഷം 2236 കോടിരൂപയുടെ മൊത്തം വില്‍പ്പന നടത്തിയ അപ്പോളോ ടയേഴ്സ്‌ 2007 ലിത്‌ 4299 കോടിയായും 2011 ലിത്‌ 8867കോടി രൂപയുടേയും വര്‍ധനവുണ്ടാക്കിയതായി വൈസ്‌ ചെയര്‍മാന്‍ നീരജ്‌ കന്‍വറും സതീശ്‌ ശര്‍മയും പറഞ്ഞു. ഗുജറാത്തിലെ ലിംബയിലാണ്‌ അപ്പോളോ ടയേഴ്സിന്റെ ഏറ്റവും വലിയ പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍ രണ്ട്‌ യൂണിറ്റുകളുണ്ട്‌. ചെന്നൈയില്‍ അത്യാധുനിക തലത്തിലുള്ള പ്ലാന്റുമാണുള്ളത്‌.

ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ സാഹചര്യമാണ്‌ കേരളത്തിലേത്‌. കഴിവുള്ള തൊഴിലാളികളും തൊഴില്‍ ശക്തിയും നിപുണതയുമുണ്ടെങ്കിലും ബാഹ്യമായ നേതൃത്വ ഇടപെടല്‍ മൂലം പ്ലാന്റുകളിലെ പ്രവര്‍ത്തനം നിശ്ചലമാകുന്ന സാഹചര്യം വരെയുണ്ട്‌. കേരളത്തിലെ പ്ലാന്റുകളുടെ വികസനം വന്‍ വെല്ലുവിളിയാണ്‌. പലപ്പോഴും സര്‍ക്കാര്‍ സഹകരണംപോലും ലഭിക്കാറില്ലെന്ന്‌ അപ്പോളോ ടയേഴ്സ്‌ ഭരണകര്‍ത്താക്കള്‍ പറഞ്ഞു.
ചൈനയില്‍നിന്നുള്ള ടയര്‍ ഇറക്കുമതി വിപണിയില്‍ വന്‍ ഭീഷണി ഉണര്‍ത്തുന്നുണ്ട്‌. ഇതിന്‌ സര്‍ക്കാര്‍ നയങ്ങളില്‍ത്തന്നെ മാറ്റം വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു.

എസ്‌.കൃഷ്ണകുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts