ആഗോള സാമ്പത്തികമാന്ദ്യം വിലക്കയറ്റത്തില്‍ ഉലയുന്ന ഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ന്നതോടെ ലോകവിപണി ദുബെയിലേതടക്കം, തകര്‍ച്ചയിലാണ്. ഡോളറിന്റെ അസ്ഥിരത ഓഹരി ഇടപാടുകള്‍ക്ക് പ്രശ്നം സൃഷ്ടിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ കടപത്രങ്ങളില്‍ മുതല്‍മുടക്കിയിട്ടുള്ള ചൈനയും ഇന്ത്യയും ഒരുപോലെ പരിഭ്രാന്തിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം നാണയപ്പെരുപ്പം കുറയ്ക്കാന്‍ സഹായിയ്ക്കും എന്നാണ് ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞിരിക്കുന്നത്. ഇന്ധന വില കുറയാന്‍ സാധ്യതയുണ്ടെന്നും ഭക്ഷ്യവിലയും കുറയും എന്നുമാണ് പ്രതീക്ഷ.
ക്രൂഡ് ഓയില്‍ വില താഴ്ന്നത് മൂലം ഇന്ത്യയില്‍ ഡീസല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിഭാസമാണ് സ്വര്‍ണവില കുതിക്കുന്നത്. പവന് 19520 രൂപയായിക്കഴിഞ്ഞു. ബുധനാഴ്ച ഇത് അല്‍പ്പം താഴോട്ട് വന്നെങ്കിലും മഞ്ഞലോഹത്തിന്റെ മഞ്ഞളിപ്പില്‍ മയങ്ങുന്ന കേരള സമൂഹത്തിന് അത് ആശ്വാസകരമായിട്ടില്ല. ആഗോളവിപണിയിലെ നഷ്ടത്തെത്തുടര്‍ന്നാണ് സ്വര്‍ണവില കുതിക്കുന്നത്. ആഗോള വിപണിയിലെ വില ട്രായ് ഔണ്‍സിനും 46.70 ഡോളര്‍ വര്‍ധിച്ച് 1756.90 ഡോളറിലെത്തിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ച എപ്പോഴും സ്വര്‍ണവില കുതിപ്പിന് കളമൊരുക്കുന്നു.
സ്വര്‍ണവും ഭൂമിയും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് ജനം കരുതുന്നത്. ലോകരാജ്യങ്ങള്‍ ഈ വിശ്വാസം പങ്കുവയ്ക്കുന്നു. അമേരിക്കയിലെ സ്വര്‍ണ സമ്പാദ്യം 8195.5 ടണ്‍ സ്വര്‍ണമാണത്രെ. കേരളത്തിലും സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടം സംഭവിക്കുകയില്ല എന്ന വിശ്വാസത്തിലായിരിക്കണം സ്ത്രീകള്‍ക്ക് നല്കുന്ന സ്ത്രീധനത്തിന്റെ അവിഭാജ്യഘടകമായി സ്വര്‍ണം മാറിയത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വര്‍ണം നിക്ഷേപം മാത്രമല്ല, ഉപഭോഗ സംസ്ക്കാര മത്സരവും കൂടിയാണ്. വടക്കേ ഇന്ത്യയിലേക്കാള്‍ അധികം ആഭരണ കമ്പനികള്‍ കേരളത്തിലുണ്ട്. മുംബൈ രത്നവ്യാപാരികള്‍വരെ കേരളത്തില്‍ ആഭരണ കട തുറക്കുന്നത് കേരള സ്ത്രീ സമൂഹത്തിന്റെ പൊങ്ങച്ച സംസ്കാരത്തില്‍ കണ്ണുനട്ടാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണവിലയുടെ കുതിപ്പ് കേരളത്തിന് പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതിന് കാരണം സ്വര്‍ണഭ്രമത്തിന് ഉച്ചനീച വ്യത്യാസമില്ല എന്നാണ്. “പെണ്ണായാല്‍ പൊന്നുവേണം പൊന്നിന്‍കുടമായി വേണം” എന്നത് പരസ്യവാചകം മാത്രമല്ല രൂഢവുമായ വിശ്വാസം കൂടിയാണ്.
പൊന്നിന് ചിങ്ങം തുടങ്ങുന്നതോടെ കേരളത്തില്‍ വിവാഹ സീസണും തുടങ്ങും. സ്വര്‍ണം വര്‍ജിച്ച് ഒരു വിവാഹം കേരളത്തില്‍ നടക്കുകയില്ല. പറഞ്ഞുറപ്പിച്ച സ്വര്‍ണവും സ്ത്രീധനവും കിട്ടിയില്ലെങ്കില്‍ വിവാഹ പന്തലില്‍നിന്നുപോലും വരന്മാര് ഇറങ്ങിപ്പോകും. അതുകൊണ്ടുതന്നെ ഈ സ്വര്‍ണവില കുതിപ്പ് സാധാരണക്കാരെയും ബാധിക്കും. കുബേരന്മാര്ക്ക് അധിക സ്വര്‍ണം അധികം പൊങ്ങച്ചം എന്നാണെങ്കില്‍ കുചേലന്മാര്‍ക്കും തങ്ങള്‍ക്കായത് എന്ന രീതിയാണ് നിലനില്‍ക്കുന്നത്. വിവാഹാഡംബര ധൂര്‍ത്തുമൂലം ഉണ്ടാകുന്ന കുടുംബ ആത്മഹത്യകള്‍ പഴങ്കഥകളാണ്. ഇന്ന് ഐടി രംഗത്തുപോലും സ്ത്രീ സാന്നിദ്ധ്യം ഉണ്ടെങ്കിലും വിവാഹ കമ്പോളത്തില്‍ അവളും സര്‍വാഭരണ വിഭൂഷിതയാകണം. കൂലിവേലക്കാരിയായാലും 15 പവന് സ്വര്‍ണവും ഒരുലക്ഷം രൂപ സ്ത്രീധനവും ഇല്ലാതെ മംഗല്യസൂത്രം അണിയില്ല. ഈ യാഥാര്‍ത്ഥ്യമാണ് സ്വര്‍ണവില കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആധി പകരുന്നത്. സ്ത്രീകള്‍ സ്വര്‍ണ ഭ്രമം ഉപേക്ഷിക്കണം എന്നെല്ലാം പ്രസംഗിക്കുമ്പോഴും സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യത അതിന്റെ തിളക്കം നിലനിര്‍ത്തുന്നു. സ്ത്രീകള്‍ ആക്രമണവിധേയരാകുന്നതുപോലും അരപവന്റെ മാല പിടിച്ചു പറിക്കാനായിരിക്കും. ഭവനഭേദനത്തിന് പിന്നിലും സ്വര്‍ണപ്രതീക്ഷ തന്നെയാണ്. ഇങ്ങനെ പല ആപല്‍ക്കരമായ സാഹചര്യങ്ങളും സ്വര്‍ണം സൃഷ്ടിക്കുമ്പോള്‍ തന്നെ സ്വര്‍ണ നിക്ഷേപം ഒരിക്കലും നഷ്ടത്തില്‍ കലാശിക്കുകയില്ല എന്ന വിശ്വാസം സ്വര്‍ണത്തോടുള്ള ഭ്രമം നിലനിര്‍ത്തുകതന്നെ ചെയ്യും. സാധാരണ കുടുംബങ്ങള്‍ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നോ എത്ര കിടപ്പാടങ്ങള്‍ വിവാഹാവശ്യത്തിന് തീറെഴുതപ്പെടുമെന്നോ പ്രവചിക്കാനാകുകയില്ല. രണ്ടാമതൊരു മാന്ദ്യം ഉണ്ടാകാനിടയുണ്ടെന്ന അഭ്യൂഹങ്ങളും സ്വര്‍ണ നിക്ഷേപത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: