കണ്ണൂറ്: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന സംഘം വ്യാപകമാവുന്നു. മലയോര മേഖലകളുള്‍പ്പെടെ ജില്ലയുടെ നാനാഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമായിട്ടും അധികൃതര്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചെറിയ ചെറിയ പട്ടണങ്ങളില്‍ പോലും കഞ്ചാവ് വില്‍പ്പനക്കായി ഏജണ്റ്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് മൊത്തമായി എത്തിച്ചുകൊടുക്കുന്നത് ഏജണ്റ്റുമാരാണ്. ഇത്തരത്തില്‍ എത്തിക്കുന്ന കഞ്ചാവുകള് ചില്ലറ വില്പ്പനക്കാരന് ചെറിയ പൊതികളാക്കിയാണ് വില്‍പ്പന നടത്തുന്നത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബസ്സ്റ്റാണ്റ്റുകള് കേന്ദ്രീകരിച്ചുമാണ് വില്‍പ്പന. ഇടുക്കി മേഖലകളില്‍ നിന്നുമാണ് കഞ്ചാവുകള് കണ്ണൂരിലെത്തുന്നത്. കോട്ടയം ഭാഗങ്ങളില്‍ നിന്നും രാത്രിയെത്തുന്ന ബസ്സുകളിലും ട്രെയിനുകളിലുമായാണ് കഞ്ചാവ് ലോബികള്‍ ഇവ ഇവിടെ എത്തിക്കുന്നത്. മംഗലാപുരം ഭാഗത്തുനിന്നും എത്തിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞദിവസം ഇരിട്ടിയില്‍ നിന്നും ഒന്നരകിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരെന്ന വ്യാജേനയാണ് ഇയാളെ പോലീസ് കുടുക്കിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് കിട്ടിയത്. കിലോക്കണക്കിന് കഞ്ചാവ് വില്‍പ്പനക്കായി ദിനംപ്രതി ഇടുക്കിയില്‍ നിന്നും മറ്റുമായി കണ്ണൂരിലെത്തുന്നുണ്ടെന്ന വിവരമുണ്ടെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമായിട്ടില്ല. കഞ്ചാവ് ബീഡി വലിച്ചവനെ പിടികൂടി റിമാണ്റ്റ് ചെയ്യുന്ന പോലീസ് കഞ്ചാവ് ലോബികളോട് മൃദുസമീപനം സ്വീകരിക്കുന്നത് വ്യാപകപ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിപണിയില്‍ കഞ്ചാവ് സുലഭമായതോടെ ഇതിന് അടിമയായവരുടെ എണ്ണവും കൂടിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: