കൊല്ലം: ഓച്ചിറ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10,000 രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ബംഗാള്‍ സ്വദശികളുടെ മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ വിമാനമാര്‍ഗം നാട്ടിലെത്തിക്കും.
കൂടുതല്‍ ധനസഹായത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മരിച്ച അഞ്ചു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആളില്ലാ ലെവല്‍ ക്രോസുകളുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരും ഇതിനു വേണ്ട സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ടെമ്പോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വള്ളിക്കുന്നം സ്വദേശി അജയകുമാര്‍, ഡ്രൈവര്‍ ഓച്ചിറ വയനകം സ്വദേശി ശശി, ബംഗാള്‍ സ്വദേശികളായ അനില്‍ മാണ്ഡോ, ചന്തു ഷെയ്ഖ്, ബര്‍പു മറാഫി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഓച്ചിറ സ്വദേശി സന്തോഷ് ചികിത്സയിലാണ്
കരുനാഗപ്പള്ളിക്കും ഓച്ചിറയ്‌ക്കും ഇടയ്‌ക്ക് ആളില്ലാത്ത ലെവല്‍ ക്രോസില്‍ രാത്രി 9.15ഓടെയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുപോകുകയായിരുന്ന ടെമ്പോവാന്‍ ആദ്യത്തെ ട്രാക്ക് കടന്ന് രണ്ടാമത്തെ ട്രാക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് മാവേലി എക്‌സ്‌പ്രസ് ടെമ്പോ ഇടിച്ചുതെറിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: