ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ താന്‍ അശ്രദ്ധമായിരിക്കുന്നുവെന്ന് വിശേഷിപ്പിച്ച വാര്‍ത്താ ഏജന്‍സിയായ പിടിഐ പരസ്യമായി മാപ്പുപറയണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ അദ്ദേഹത്തെ ലോക്സഭാ സ്പീക്കര്‍ക്ക് തോണ്ടി വിളിക്കേണ്ടിവന്നുവെന്നും തന്റെ പ്രസംഗം ഫയലില്നിന്നെടുക്കാന് കാലതാമസം നേരിട്ടുവെന്നും പിടിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് അവാസ്തവമാണെന്നും ദുരുദ്ദേശ്യത്തോടെയാണ് അതെഴുതിയതെന്നും കാട്ടി മന്ത്രി പിടിഐക്ക് വക്കീല്‍നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഈയടുത്തകാലത്തായി പിടിഐ കരുതിക്കൂട്ടി തന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ കുറ്റത്തിന് പരസ്യമായി മാപ്പുപറയണമെന്നും മന്ത്രി കൃഷ്ണ ആവശ്യപ്പെടുന്നു.
ഇത്തരമൊരു നടപടി അസാധാരണമാണെന്ന് പിടിഐ അറിയിച്ചു. പാര്‍ലമെന്റ് നടപടികളുടെ റിപ്പോര്‍ട്ടിംഗില്‍ കരുതിക്കൂട്ടി അധിക്ഷേപിച്ചതായി തെളിയിച്ചാല്‍ മാത്രമേ അതിന് ശിക്ഷ ലഭിക്കുകയുള്ളൂ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷ്ണക്ക് ഇതിനുമുമ്പും ഇത്തരം അമളികള്‍ പിണഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ അദ്ദേഹം പോര്‍ട്ടുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗമാണ് അബദ്ധത്തില്‍ വായിച്ചത്. പിന്നീട് മൂന്ന് മിനിറ്റിനുശേഷം ഒരുദ്യോഗസ്ഥന് തെറ്റ് ചൂണ്ടിക്കാണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: