ആലുവ: പറവൂര്‍ കവലയില്‍ വ്യാജ മദ്യലോബി സ്റ്റോക്ക് ചെയ്തിരുന്ന മുപ്പത് ലക്ഷം രൂപയുടെ സ്പിരിറ്റ് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. രഹസ്യ അറയും ഗോഡൗണും മൂന്ന് വാഹനങ്ങളും 251 കന്നാസുകളിലായി 8500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് തൃശൂര്‍, പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് സംഘം സ്പിരിറ്റ് പിടികൂടിയത്.
പറവൂര്‍ കവലയിലെ വര്‍ക്ക് ഷോപ്പിനുള്ളില്‍ നിന്നും ടെമ്പോ ട്രാവലറും മുന്നില്‍ നിന്നും അംബാസിഡര്‍ കാര്‍, മാരുതി എസ്റ്റീം എന്നീ വാഹനങ്ങളും പിടികൂടി. ടെമ്പോ ട്രാവലറില്‍ നിന്നും 35 ലിറ്റര്‍ വീതം കൊള്ളുന്ന 60 കന്നാസുകളും അംബാസഡറില്‍ പതിനഞ്ച് കന്നാസുകളും മാരുതി എസ്റ്റീമില്‍ നിന്നും രണ്ട് കന്നാസും പഴയ വര്‍ക്ക് ഷോപ്പിന് പിന്നിലെ അറയില്‍ നിന്ന് 50 കന്നാസും വര്‍ക്ക് ഷോപ്പിന്റെ പൊളിഞ്ഞ ബാത്ത്റൂമില്‍ നിന്നും 80 കന്നാസും തൊട്ടടുത്ത പറമ്പില്‍ നിന്നും 15 കന്നാസ് സ്പിരിറ്റുമാണ് പിടികൂടിയത്.
ഇവിടെ ഇറക്കിയ ലോഡ് കയറ്റിയപ്പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്, പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ കെ.വി. സദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇന്റലിജന്‍സ് അസിസ്റ്റന്റ് ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വി. ഷിഹാബുദ്ദീന് ലഭിച്ച രഹസ്യവിവരം തൃശൂര്‍-പാലക്കാട് ഐബി ടീമിന് കൈമാറുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് രഹസ്യമായി സ്പിരിറ്റ് കയറ്റിപ്പോകുന്നതായി ഇന്റലിജന്‍സിന് മുന്‍പേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്ത സ്പിരിറ്റാണ് ഇപ്പോള്‍ പിടിച്ചെടുത്തതെന്നാണ് നിഗമനം. പാലക്കാട്, ആലത്തൂര്‍ രജിസ്ട്രേഷനിലുള്ളതാണ് ടെമ്പോ ട്രാവലര്‍. പത്തനംതിട്ട രജിസ്ട്രേഷനിലുള്ളതാണ് അംബാസഡര്‍കാര്‍. ഇതിനടുത്തുനിന്നും സംഘം ഉപയോഗിച്ചിരുന്നതാണെന്ന് കരുതുന്ന അംബാസഡര്‍ കാര്‍, ഹീറോ ഹോണ്ട മോട്ടോര്‍ ബൈക്കും സ്കൂട്ടിയും പിടിച്ചെടുത്തു. ബാങ്ക് ജംഗ്ഷനിലെ വന്‍കിട സ്വര്‍ണ്ണവ്യാപാരിയും എന്‍ഡിഎഫിന്റെ നേതാവുമായ ഇക്ബാല്‍, ഹബീബ് എന്നിവരുടേതാണ് ഈ സ്ഥലം. മാസങ്ങളായി ഇവിടെ സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. വലിയ ലോറികളില്‍ ഇവിടെ എത്തിച്ചശേഷം ചെറിയ വാഹനങ്ങളിലാക്കി കടത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ നോട്ടക്കാരന് വാട്സണ്, തമിഴ്നാട് സ്വദേശിനിയും മോഡല്‍ ഗേളുമായ അശ്വതി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഈ യുവതിയെ വാഹനത്തില്‍ ഇരുത്തിയാണ് സ്പിരിറ്റ് കടത്തിയിരുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കാനും വാഹന പരിശോധന കൂടുതലായി നടത്തുന്നത് തടയാനുമാണ് ഇത്തരത്തില്‍ സുന്ദരികളായ യുവതികളെ സ്പിരിറ്റ് മാഫിയ ഉപയോഗപ്പെടുത്തിയിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സമീപവാസികളായ വേറെ പത്തോളം പേരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി അടുത്തിടെ അന്തരിച്ച സിനിമാ നടന്റെ മരുമകനും പങ്കുണ്ടെന്ന് സൂചന ലഭിച്ചു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. മോഹനന്, ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. സലീംകുമാര്‍, എറണാകുളം സ്ക്വാഡ് സിഐ രഞ്ജിത്ത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: