ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്കിയ ഹര്‍ജിക്കുള്ള മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. നിരവധി പഠനങ്ങള്‍ നടത്തിയെങ്കിലും എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഒരു റിപ്പോര്‍ട്ടും പറയുന്നില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
കാസര്‍കോട്ട് ഉണ്ടായ മരണങ്ങള് എന്‍ഡോസള്‍ഫാന്‍ കാരണമാണെന്ന് കണ്ടെത്തിയിട്ടില്ല. പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടങ്ങളില്‍ അനുമതിയില്ലാതെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായ പഠനത്തിന് ശേഷമല്ലെന്നും, കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളതെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. 2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനമുള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ അനുകൂലമായിരുന്നുവെന്നും കേന്ദ്രം സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തര നിരോധനം ആവശ്യമില്ല.
എന്‍ഡോസള്‍ഫാന്‍ ഘട്ടം ഘട്ടമായി നിരോധിക്കുന്ന കാര്യത്തില്‍ സ്റ്റോഖ്ഹോം കണ്‍വെന്‍ഷനില്‍ തീരുമാനമായിട്ടുണ്ട്. ഇതുപ്രകാരം പതിനൊന്ന് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷം അന്തിമ തീരുമാനം എടുക്കുന്നതാവും ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ എതിര് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: