ഡമാസ്ക്കസ്: സിറിയന്‍ സുരക്ഷാസേന സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാര്‍ക്കുനേരെ ആക്രമണം തുടരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ക്കുശേഷം ടാങ്കുകള്‍ നിറയൊഴിക്കാന്‍ തുടങ്ങിയതായി ഹാമയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒമര്‍ ഹമാവി വാര്‍ത്താലേഖകരോട് പറഞ്ഞു. വടക്ക് കിഴക്കന്‍ ജില്ലയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ചയും നൂറുകണക്കിനാളുകളെയാണ് നഗരത്തില്‍ സുരക്ഷാസേന കൊന്നൊടുക്കിയത്. 130 പേരോളം മരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഹാമ നഗരം അതിലെ നിവാസികളുടെ അധീനതയില്തന്നെയാണെന്നും സര്‍ക്കാരിന് അവിടെ നിയന്ത്രണം ലഭിച്ചിട്ടില്ലെന്നും ബിബിസിഅറിയിച്ചു.
ഞായറാഴ്ച നഗരം കീഴടക്കാന്‍ ശ്രമിച്ചു. സൈനികരും ടാങ്കുകളും പിന്‍വാങ്ങിയിരുന്നു. അവര്‍ ആക്രമണം പുനരാരംഭിച്ചതായി വാര്‍ത്താലേഖകര്‍ വ്യക്തമാക്കി. ഡെയര്‍ അല്‍ സോറില്‍ തീവ്രമായ വെടിവെപ്പുണ്ടായതായി ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ തലവന്‍ റാമി അബ്ദുള്‍ റഹിമാന്‍ അറിയിച്ചു.
സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ ലോകം മുഴുവന്‍ അപലപിച്ചു.
ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. നിരായുധരായ സാധാരണക്കാര്‍ക്കുനേരെ ആയുധം പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് ഉടനെ നിര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സിറിയന്‍ സര്‍ക്കാരിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഉടന്‍ വിളിച്ചുകൂട്ടണമെന്ന് ജര്‍മനിയും ഇറ്റലിയും ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വേണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: