ആയിരത്തിതൊള്ളായിരത്തി അമ്പത്തിയൊന്ന് നവംബര്‍ മാസത്തിലെ അവസാനവാരം. കോഴിക്കോട് തളിയിലെ ആര്‍എസ്എസ് കാര്യാലയത്തിലിരുന്ന് സംഘപ്രചാരകനായ പി.പരമേശ്വരന് എഴുതി. “സത്യത്തിനും നീതിക്കും വേണ്ടിയാണ് ‘കേസരി’ നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കാനാണ് ഞങ്ങളുടെ പരിശ്രമം”. 1951 നവംബര്‍ 27 ചൊവ്വാഴ്ച പുറത്തിറങ്ങിയ കേസരി വാരികയ്ക്കുവേണ്ടി ‘ഞങ്ങള്‍’ എന്ന മുഖക്കുറിപ്പായിരുന്നു അത്. ദേശീയജാഗ്രതയുടെ മാധ്യമ ആവിഷ്ക്കാരമായി മലയാളത്തില്‍ സ്ഥാനമുറപ്പിച്ച കേസരി വാരികയുടെ അറുപത് വര്‍ഷം മുമ്പുള്ള എളിയ തുടക്കം. മലബാര്‍ മേഖലയില്‍ സംഘവളര്ച്ചയ്ക്ക് കരുത്ത് പകര്‍ന്ന നാഗ്പൂരില്‍നിന്നുള്ള സംഘപ്രചാരകന് ശങ്കരശാസ്ത്രിയുടെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും പി.പരമേശ്വരന്റെയും രാ.വേണുഗോപാലിന്റെയും എഴുത്തിന്റെ കരുത്തും ആയിരുന്നു കൈമുതല്‍. നാല് പേജുകളോടെയായിരുന്നു തുടക്കം. 13 രൂപയായിരുന്നു മൂലധനം.
കോഴിക്കോട് നഗരത്തിലെ ബിലാത്തിക്കുളത്തുകാരനായ കെ.പി.ഗോപാലകൃഷ്ണന് നായരായിരുന്നു ആദ്യകാല ഔദ്യോഗിക പത്രാധിപര്‍. ഓരോ ലക്കത്തിനും വേണ്ടിയുള്ള പണം കണ്ടെത്താനും പ്രചാരപ്രവര്ത്തനത്തിനും വിതരണത്തിനും കോഴിക്കോട് നഗരത്തിലെ സംഘപ്രവര്‍ത്തകരെല്ലാം കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. ശങ്കരശാസ്ത്രിയും ഗോപാലകൃഷ്ണന് നായരും അവര്‍ക്ക് നേതൃത്വം നല്കി.
സവിശേഷമായ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സാഹചര്യമായിരുന്നു 1950കളുടേത്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യദശകങ്ങളിലെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒപ്പം ആഹ്ലാദവും. മൂന്നായിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് മലയാളികളുടെ കേരളം പിറവിയെടുത്ത കാലം. വൈവിധ്യങ്ങളുടെ കൂടിച്ചേരലുകള്‍ക്കിടയില്‍ ദേശീയ നവോത്ഥാന പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ ആശയ പ്രചാരരംഗത്ത് സവിശേഷശ്രദ്ധ വേണമെന്ന ദേശീയവാദികളുടെ ആഗ്രഹപ്രകാരം ഹിന്ദിയില്‍ പാഞ്ചജന്യയും ഇംഗ്ലീഷില്‍ ഓര്‍ഗനൈസറും ആരംഭിച്ച കാലം. 1942ല്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച കേരളത്തില്‍ ശൈശവാവസ്ഥയിലായിരുന്ന സംഘത്തിന്റെ നേതൃഗണവും ഇതിനൊത്ത് ചിന്തിച്ചു. ദേശീയാവശ്യത്തെ മുന്‍നിര്‍ത്തി കേരളീയതയുടെ മണവും മധുരവുമായി കേസരി പിറവിയെടുത്തത് അങ്ങനെയായിരുന്നു. “സ്വന്തം സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു സ്വതന്ത്ര ഭാരതജനതയ്ക്കേ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അഭിമാനകരമായ ഒരു പരിഹാരം കണ്ടുപിടിക്കുവാന്‍ സാധിക്കുകയുള്ളൂ”. ‘ഞങ്ങള്‍’ എന്ന മുഖക്കുറിപ്പില്‍ പരമേശ്വര്‍ജി തുടരുന്നു. ‘ഭാവിഭാരതത്തിന്റെ സൃഷ്ടികര്‍ത്താക്കളായ യുവാക്കന്മാരെ ആശയപരമായ അടിമത്തങ്ങളില്‍നിന്ന് മോചിപ്പിക്കണമെന്ന’ വിശിഷ്ട ദൗത്യം കേസരി ഏറ്റെടുക്കുകയായിരുന്നു.
ബാലാരിഷ്ടതകളുടെ കാലത്തെ നെഞ്ചുറപ്പുകൊണ്ട് പരിഹരിച്ച് കേസരിയെ സംഘപ്രവര്‍ത്തകര്‍ വളര്‍ത്തി. രാ.വേണുഗോപാലും പിന്നീട് സാധുശീലന്‍ പരമേശ്വരന് പിള്ളയും കേസരിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. തലശ്ശേരി സ്വദേശിയായ എം.രാഘവന് കേസരിയുടെ മാനേജരായി സ്ഥാനമേറ്റത് കേസരിയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായി മാറി. ആധുനിക മാനേജ്മെന്റ് തന്ത്രങ്ങളും സൂത്രങ്ങളുമൊന്നും മനഃപാഠമാക്കാതെ പടിപടിയായി കേസരിയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ എം.രാഘവന് വഹിച്ച പങ്ക് നിസ്തുലമാണ്. എം.എ.സാര്‍ എന്നറിയപ്പെടുന്ന എം.എ.കൃഷ്ണന് കേസരിയുടെ പത്രാധിപരായി ചുമതലയേറ്റതോടെ കേസരിയുടെ ചക്രവാളം മലയാളത്തോളം വളര്‍ന്നു. കുട്ടികൃഷ്ണമാരാരും ഡോ. കെ.ഭാസ്ക്കരന്‍ നായരും വടക്കും കൂറും കേരള ഗാന്ധി കേളപ്പനും കെ.പി.കേശവമേനോനും തുടങ്ങി സാംസ്ക്കാരിക-സാഹിത്യ മണ്ഡലങ്ങളിലെ മഹാസ്തംഭങ്ങള്‍ കേസരിയുടെ വളര്‍ച്ചയ്ക്ക് നനവും വളവുമേകി.
ഫാസിസ്റ്റ് ഭരണരീതികളിലൂടെ ഭാരതത്തെ തന്റെ കാല്‍ക്കീഴിലമര്‍ത്താന്‍ ശ്രമിച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം കേസരിയുടെ വായടപ്പിക്കാനുള്ള നടപടിക്ക് തുടക്കമിട്ടു. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന വിഖ്യാതമായ കവിവചനം ആ കറുത്ത രാത്രികളുടെ ഭീകരതയെ തുറന്നുകാണിക്കുന്നതാണ്. മൂന്ന് മാസത്തോളം കേസരിയുടെ ലക്കങ്ങള്‍ സെന്‍സര്‍ഷിപ്പില്‍ മുങ്ങി. കെ.പി.കേശവമേനോനേയും വി.എം.കൊറാത്തിനെയും പോലുള്ളവരുടെ ധീരമായ ഇടപെടല്‍ കേസരിയുടെ പുനഃപ്രസിദ്ധീകരണത്തിന് കാരണമായി.
അടിയന്തരാവസ്ഥയെ അതിജീവിച്ച് 1980കളുടെ ആരംഭത്തില്‍ കേരളത്തില്‍ വ്യാപകമായി വളര്‍ന്നു പന്തലിച്ച സംഘപ്രസ്ഥാനത്തിനൊപ്പം കേസരിയും തഴച്ചുവളര്‍ന്നു. തികഞ്ഞ സാമ്പത്തികഭദ്രതയോടെ എണ്ണത്തിലും ഗുണത്തിലും മറ്റേത് മലയാളവാരികയെക്കാളും മുന്നില്‍ ഇന്ന് കേസരിവാരിക തിളങ്ങിനില്ക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ സജീവമായ ഇടപെടലാണ് കേസരിയുടെ ജീവസ്സുറ്റ ചരിത്രം. വാര്‍ത്തകള്‍ തമസ്ക്കരിച്ച് സുപ്രധാന സംഭവങ്ങളെ ഒന്നുമല്ലാതാക്കുന്ന മാധ്യമ രീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പായിരുന്നു അത്. അങ്ങാടിപ്പുറം തളി ക്ഷേത്രസമരവും മലപ്പുറം ജില്ലാവിരുദ്ധ സമരവും നിലയ്ക്കല്‍ പ്രക്ഷോഭവും കേസരിയുടെ താളുകളിലൂടെ മലയാളിയുടെ മുന്നിലെത്തിക്കുന്നതില്‍ കേസരി വഹിച്ച പങ്ക് ചെറുതല്ല. കേസരിയുടെ താക്കീതുകളും മുന്നറിയിപ്പുകളും എത്രമാത്രം ശരിയായിരുന്നുവെന്ന് സമകാല കേരളചരിത്രം വിശദമാക്കുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെയും വിഘടനവാദപ്രവണതകളുടെയും നേര്‍ക്ക് സദാ തുറന്നുവെച്ച കണ്ണുമായി ജാഗ്രതയോടെ കേസരി പങ്കുവെച്ച ആശങ്കകളെ ഒരിക്കല്‍ പുച്ഛിച്ച് തള്ളിയവര്‍ ഇന്നെങ്കിലും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയേണ്ടതാണ്.
കേസരിയിലൂടെ എഴുതിത്തെളിഞ്ഞ നിരവധിപേര്‍ ഇന്ന് മലയാളത്തിന്റെ പെരുമയേറിയ സാഹിത്യ നായകരാണ്. 1971 ല്‍ ‘നിളയുടെ ഇതിഹാസം’ എന്ന കേസരിയുടെ പ്രത്യേക പതിപ്പ് കേരളസംസ്ക്കാരത്തിന്റെയും നിളാതീരത്തെ മഹദ്സംസ്കൃതിയുടെയും ഈടുറ്റ റഫറന്‍സ് ഗ്രന്ഥമായി ഇന്നും വിളങ്ങിനില്ക്കുന്നു. കേസരിയുടെ തണലിലാണ് ‘പ്രഗതി’ എന്ന ഗവേഷണ ത്രൈമാസികയുടെ തുടക്കം. കേസരിയുടെ താളുകളില്‍ 50കളുടെ മധ്യത്തില്‍തന്നെ ആരംഭിച്ച ബാലഗോകുലം എന്ന പംക്തി കുട്ടികളുടെ ഏറ്റവും വലിയ സാംസ്ക്കാരിക പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേസരിയുടെ 25-ാം വാര്‍ഷികം സമുചിതമായി കോഴിക്കോട്ട് ആഘോഷിച്ചപ്പോള്‍ കെ.പി.കേശവമേനോനും എസ്.ഗുപ്തന് നായരും ഉറൂബും തുടങ്ങി പ്രമുഖര്‍ അതില്‍ സംബന്ധിച്ചു. ഈ സാംസ്ക്കാരികസംഭവത്തിന്റെ തുടര്‍ച്ചയായാണ് തപസ്യ എന്ന എഴുത്തുകാരുടെ കൂട്ടായ്മ സായാഹ്ന ചര്‍ച്ചാ വേദിയായി കോഴിക്കോട്ട് ആരംഭിക്കുന്നത്. ഇന്ന് അത് തപസ്യ കലാസാഹിത്യവേദി എന്ന മഹദ് പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. മാനന്തവാടിയിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ മണ്ണടിഞ്ഞുപോവുമായിരുന്ന പഴശ്ശി സ്മാരകത്തിന്റെ ഇന്നത്തെ ഉയര്‍ച്ച കേസരിയുടെ നിരന്തരമായ ഓര്‍മപ്പെടുത്തലുകളുടെ പരിണാമമാണ്. ഡോ. കെ.കെ.എന്‍.കുറുപ്പിന്റെ പഴശ്ശി ചരിത്രപഠനങ്ങള്‍ കേസരിയിലും പ്രഗതിയിലുമാണ് ആദ്യം വെളിച്ചം കണ്ടത്.
ചാലപ്പുറത്തെ ‘സ്വസ്തിദിശ’ എന്ന സ്വന്തം ആസ്ഥാനത്ത് ‘കേസരി’ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഒരുക്കത്തിലാണ്. അതിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിച്ചവര്‍ ഈ ആഘോഷവേളയില്‍ സമാദരിക്കപ്പെടുകയാണ്. ഏറെക്കാലം പത്രാധിപരായി പ്രവര്‍ത്തിച്ച പി.കെ.സുകുമാരന്‍, വ്യക്തവും യുക്തിപൂര്‍ണവുമായ ആശയസംവേദനം വഴി വായനക്കാര്‍ക്ക് ‘ദിശാബോധം’ നല്കിയ ടി.ആര്.സോമശേഖരന്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്.സഞ്ജയന് തുടങ്ങിയ മുഖ്യ പത്രാധിപന്മാര്. യു.ഗോപാല്‍ മല്ലര്‍ മാനേജറും ജെ.നന്ദകുമാര്‍ മുഖ്യ പത്രാധിപരുമായി കേസരി വികസനത്തിന്റെ പുതിയ കുതിപ്പുകള്‍ക്ക് തയ്യാറാവുകയാണ്, സാംസ്ക്കാരികദേശീയതയുടെ പ്രാദേശിക ആവിഷ്ക്കാരമായ കേരളത്തനിമയെ മുറുകെ പിടിച്ചുകൊണ്ട്, പ്രീണനങ്ങള്‍ക്കും വര്‍ഗീയ ഭ്രാന്തിനും മുമ്പില്‍ മുട്ടുമടക്കാത്ത ഇച്ഛാശക്തിയുമായി മലയാളത്തിന്റെ സുഗന്ധവും മധുരവും മലയാളിയുള്ളിടങ്ങളിലെല്ലാം പ്രസരിപ്പിച്ചുകൊണ്ട്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: