ന്യൂദല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്ന നിയമം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു.
ഒരു സ്വകാര്യ ബില്ലായി കോണ്‍ഗ്രസിലെ മനീഷ് തിവാരി ഈ വിഷയം ലോക്സഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ ഇതിനനുകൂലമായി സമവായത്തിലെത്തിയത്. ഇന്ത്യയിലെ രഹസ്യാന്വേഷണം നടപ്പാക്കാന്‍ സ്വയംഭരണാവകാശം, ബോധ്യപ്പെടുത്തല്‍, പിശകുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ആഭ്യന്തര സെക്രട്ടറി.
രഹസ്യാന്വേഷണ ഏജന്‍സികളെ സംബന്ധിച്ച ബില്‍ മറക്കുകയോ മേശക്കടിയില്‍ ഇടുകയോ ചെയ്തതല്ല. കുറച്ചു കാലതാമസമുണ്ടായാലും അതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, പിള്ള തുടര്‍ന്നു. ഇന്റലിജന്‍സ് സര്‍വ്വീസ് ബില്ല് 2011 പ്രകാരം പാര്‍ലമെന്റിന്റെ മേല്‍നോട്ടമുള്ള മുഖ്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ് വേണ്ടത്. റോ, ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ ടെക്നിക്കല്‍ ഓര്ഗനൈസേഷന് എന്നിവയാണവ. കരടുബില്ല് പ്രകാരം ഈ മൂന്ന് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ദേശീയ രഹസ്യാന്വേഷണ ട്രിബ്യൂണല്‍ സ്ഥാപിക്കുകയും ഒരു പാര്‍ലമെന്ററി കമ്മറ്റി ഇവയുടെ മേലന്വേഷണം നടത്തുകയും, ഒരു രഹസ്യാന്വേഷണ ഓംബുഡ്സ്മാനെ ഇതിനായി ഏര്‍പ്പെടുത്തുകയും വേണം. സെക്രട്ടറിമാരുടെ ഒരു കമ്മറ്റി കരടുബില്ല് പരിശോധിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള പാരസ്പര്യം ഉണ്ടാക്കാനുള്ള വകുപ്പുകള്‍ അവര്‍ ഉള്‍പ്പെടുത്തുമെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി വെളിപ്പെടുത്തി.
കരട് ബില്ല് ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്റെ പക്കലാണ്. ഈ ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടേക്കാം, അദ്ദേഹം തുടര്‍ന്നു.
സാമ്പത്തിക കാര്യങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സ്വയം നിര്‍ണയാവകാശമുണ്ടെന്നും മറ്റു വിഷയങ്ങളിലും മെച്ചപ്പെടുവാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: