കണ്ണൂറ്‍: കിലയുടെ പ്രാധാന്യം കണക്കിലെടുത്ത് കല്‍പ്പിത സര്‍വ്വകലാശാലയാക്കുമെന്ന് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. കണ്ണൂറ്‍ പ്രസ് ക്ളബ്ബിണ്റ്റെ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും കണ്ണൂരിലും കിലയുടെ ക്യാംപസ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന്‍ അന്യരാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ വരുന്നുണ്ട്. അവര്‍ക്ക് കില സഹായകരമാവും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഇഎംഎസ് ഭവനപദ്ധതി അവതാളത്തിലാണ്. ഇഎംഎസ് എന്ന മഹാപുരുഷനെ അപമാനിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ തുറന്ന ചര്‍ച്ച വേണമെന്നും മന്ത്രി പറഞ്ഞു. ഇഎംഎസ് ഭവന പദ്ധതിയില്‍ ഒരു പരിശോധന ആവശ്യമാണ്. ഇഎഎസ് എന്ന പേരിന് കളങ്കം വരുത്താത്ത വിധത്തില്‍ പരിഷ്കാരത്തിലൂടെ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കും. നിലവിലെ ഗുണഭോക്താക്കളില്‍ അനര്‍ഹരും കടന്നു കൂടിയിട്ടുണ്ട്. ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതായാണ് കണക്ക് നല്‍കിയിട്ടുള്ളത്. അതില്‍ വിശ്വാസയോഗ്യമായ വസ്തുത നേരിട്ട് പരിശോധിച്ചതിനു ശേഷം മാത്രമെ പറയാനൊക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് വെടിവെയ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ പിന്‍വലിച്ചതല്ലെന്നും സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ കമ്മീഷണ്റ്റെ കാലാവധി നീട്ടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഒരേ സംഭവത്തെക്കുറിച്ച് ഒരേ സമയം രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്താനാവില്ലെന്നതു കൊണ്ടാണ് സിബിഐക്ക് അന്വേഷണ ചുമതല നല്‍കിയതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. മാറാട് കേസും കാസര്‍കോട് വെടിവെയ്പ് കേസും തമ്മില്‍ അന്വേഷണ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മാറാട് വിഷയത്തില്‍ അന്വേഷണക്കമ്മീഷന്‍ റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ളബ്ബ് പ്രസിഡണ്ട് കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: