ചേര്‍ത്തല: ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്തതിന് സിഐടിയുക്കാര്‍ ചെരുപ്പുമാല അണിയിച്ച് ദേഹത്ത് മൂത്രം തളിച്ച് മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ വീണ്ടും സിഐടിയു അക്രമം. ചേര്‍ത്തല ഡിപ്പോയിലെ എം പാനല്‍ ഡ്രൈവര്‍ കൊക്കോതമംഗലം നികര്‍ത്തില്‍ ബിജു (40)വിനെയാണ് പരിക്കേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആലപ്പുഴ ഡിപ്പോയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ബിജു ജോലിക്ക് പോകുന്നതിനായി ഇന്നലെ പുലര്‍ച്ചെ 4.30ന് ചേര്‍ത്തലയിലേക്ക് സൈക്കിളില്‍ വരുമ്പോള്‍ കാളികുളം ജങ്ങ്ഷനില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ചേര്‍ത്തല ഡിപ്പോയിലെത്തിയ ബിജു അധികൃതരോട് വിവരം പറഞ്ഞെങ്കിലും ആലപ്പുഴ ഡിപ്പോയിലാണ് ഡ്യൂട്ടി എന്നതിനാല്‍ അവിടെയെത്തി അറിയിച്ച ശേഷം ആശുപത്രിയില്‍ പോകാനായിരുന്നു മറുപടി.
ആലപ്പുഴ ഡിപ്പോയില്‍ എത്തിയ ഉടനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. സര്‍വീസ് ആരംഭിച്ച് ഏറെ കഴിയും മുന്‍പ് ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന് തലചുറ്റി വീണു. ബസിലെ കണ്ടക്ടറും മറ്റും ചേര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ചെവിയില്‍ നാല് തുന്നലുണ്ട്. മൂക്കിനും പരിക്കുണ്ട്. ചെരിപ്പ് മാല സംഭവത്തെ തുടര്‍ന്ന് ബിജുവിന് വധഭീഷണിയുള്ളതിനാല്‍ സ്ഥലം മാറ്റരുതെന്നും സിംഗിള്‍ ഡ്യൂട്ടി നല്‍കരുതെന്നും കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ആലപ്പുഴയ്ക്ക് മാറ്റിയത്.
2010 ഏപ്രില്‍ 7നാണ് ഇടതുപക്ഷ ഹര്‍ത്താല്‍ ദിനത്തില്‍ ചെരുപ്പുമാല അണിയിച്ചത്. ഇന്നലത്തെ സംഭവത്തിന് പിന്നിലും ഇവര്‍ തന്നെയെന്ന് ബിജു പറഞ്ഞു. ബിജുവിനെ നേരത്തെ ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അടുത്തിടെ ചേര്‍ത്തല ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: